SignIn
Kerala Kaumudi Online
Sunday, 14 June 2026 1.13 AM IST

ബിയർകുപ്പിയുടെ അടപ്പ് കൈവിരലുകൾ കൊണ്ട് അനായാസം തുറക്കും, മലയാള നടന്മാർക്കിടയിലെ ഏറ്റവും കരുത്തനായിരുന്നു ജോണി

READ ENGLISH VERSION
kundara-johny

അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്‌മരിച്ച് സഹപ്രവർത്തകനും സുഹൃത്തുമായ മോഹൻ ജോസ്. നിഷ്ക്കളങ്കതയുടെ ആൾരൂപമായിരുന്നു ജോണി എന്ന് മോഹൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. മദിരാശിയിലെ സിനിമാക്കാലത്തെ ജോണിയുമൊത്തുള്ള സിനിമാ ഓർമ്മകളാണ് മോഹൻ ജോസ് അനുസ്‌മരിച്ചത്. കൂടാതെ ബിയർകുപ്പിയുടെ അടപ്പ് കൈവിരലുകൾ കൊണ്ട് അനായാസം തുറക്കുന്ന ജോണി, മലയാള നടന്മാർക്കിടയിലെ ഏറ്റവും കരുത്തനായിരുന്നെന്നും മോഹൻ ജോസ് ഓർക്കുന്നു.

മോഹൻ ജോസിന്റെ കുറിപ്പ്-

''മദിരാശിയിലെ മണ്ണിലായിരുന്നുവല്ലോ ആദ്യകാല മലയാള സിനിമയുടെ വേരുകൾ പുഷ്ടി പ്രാപിച്ചത്. അക്കാലത്തെ പ്രശസ്തരായ താരങ്ങളുടെ ഇഷ്ടതാവളമായിരുന്നു ആർഭാടത്തിന്റെ കണിക പോലും ഏശിയില്ലാത്ത, റായ്പേട്ടയിൽ സ്ഥിതിചെയ്‌തിരുന്ന സ്വാമീസ് ലോഡ്‌ജ്. സത്യൻമാഷ് മാത്രമെ അവിടെ സ്ഥിരതാമസക്കാരനായി ഉണ്ടായിരുന്നുള്ളു. മറ്റുള്ളവർ ആവശ്യാനുസരണം ഷൂട്ടുമായി ബന്ധപ്പെട്ട് വന്നും പോയുമിരുന്നു. ജി.കെ.പിള്ള, ബഹദൂർ, നെല്ലിക്കോട് ഭാസ്‌ക്കരൻ, സി.ഐ.പോൾ, ജോസ് പ്രകാശ്, ആലുമ്മൂടൻ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, അങ്ങനെ ഇളംതലമുറയിലെ മോഹൻലാൽ തുടങ്ങിയ പ്രതിഭാധനന്മാർ വരെ ഒത്തൊരുമയോടെ വസിച്ചിരുന്ന ഐശ്വര്യം തുളുമ്പി നിന്നൊരിടം.

നുങ്കമ്പക്കത്ത് സിനിമക്കാരുടെ R K ലോജ് എന്നറിയപ്പെട്ടിരുന്ന മറ്റൊരു ഇഷ്ടതാവളം കൂടിയുണ്ടായിരുന്നു. മാസവാടകക്കാരായിരുന്നു അവിടെ താമസം. ഒരിക്കൽ റൂം ഒഴിവുണ്ടോ എന്നറിയാൻ ഞാൻ അവിടെ ചെന്നു. അന്നാണ് ജോണിയെ പരിചയപ്പെടുന്നത്. പിന്നീട് ന്യായവിധി, 1921, ഭാർഗ്ഗവചരിതമുൾപ്പടെ ചില പടങ്ങളിൽ ഒന്നിച്ചു. മലയാള നടന്മാർക്കിടയിലെ ഏറ്റവും കരുത്തനായിരുന്നു ജോണി. ബിയർകുപ്പിയുടെ അടപ്പ് കൈവിരലുകൾ കൊണ്ട് അനായാസം തുറക്കുമായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖവുമായിട്ടല്ലാതെ ജോണിയെ കാണാനാവുമായിരുന്നില്ല. ഒന്നിലേറെ തവണ ജോണി എന്നെ അദ്ദേഹത്തിൻറെ ഭവനത്തിൽ ക്ഷണിച്ചു കൊണ്ടു പോയിട്ടുണ്ട്. നിഷ്ക്കളങ്കതയുടെ ആൾരൂപമായിരുന്നു ജോണി!''

ജോണിയുടെ ഭൗതികദേഹം കാഞ്ഞിരക്കോട് കുറ്റിപ്പുറം സെന്റ് ആന്റണീസ് പളളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഇന്നലെ വൈകിട്ട് നാലോടെ പള്ളിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കൊല്ലം ബിഷപ്പ് പോൾ മുല്ലശ്ശേരി മുഖ്യ കാർമ്മികനായി. നിരവധി വൈദികർ ഉൾപ്പെടെ വൻജനാവലി സംസ്‌കാരച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ചൊവ്വാഴ്ച രാത്രി അന്തരിച്ച ജോണിയുടെ ഭൗതികശരീരം ബുധനാഴ്ച കുറ്റിപ്പുറം വീട്ടിൽ പൊതുദർശനത്തിനുവച്ചപ്പോൾ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ചിഞ്ചുറാണി, എം.എൽ.എമാരായ എം. നൗഷാദ്, ഡോ. സുജിത് വിജയൻ പിള്ള, ചലച്ചിത്ര താരങ്ങളായ ബൈജു, സ്ഫടികം ജോർജ്, നടനും സംവിധായകനുമായ രൺജി പണിക്കർ, നിർമ്മാതാവ് ജി. സുരേഷ് കുമാർ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, മലങ്കര ഓർത്തഡോക്സ് സഭാ കൗൺസിൽ പ്രതിനിധികളായ ഫാ. ആൻഡ്രൂസ്, ജോൺസൺ കൊടുവിള, കോൺഗ്രസ് നേതാവ് ജർമ്മിയാസ്, ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTOR MOHAN JOSE, JOHY, ACTOR JOHNY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY