
'എനിക്ക് അഭിനയിക്കണം' എന്ന് വീട്ടിൽ പറഞ്ഞ ആദിശേഷൻ ക്യാമറയുടെ മുന്നിൽ നിന്ന ആദ്യ സിനിമയുടെ പേര് 'ബാലൻ : ദ ബോയ്'. ആദ്യ സിനിമയിൽ തന്നെ ടൈറ്റിൽ കഥാപാത്രം. സിനിമയിൽ പുതിയ കഥകളും പുതിയ പേരുകളുമായി ജീവിച്ച ബാലന്റെ യഥാർത്ഥ പേര് ആദിശേഷൻ കെ ആർ 'എത്ര വൈകിയാലും അമ്മ വരും' ഈ ഡയലോഗും ബാലന്റെ നിസഹായതയും നിസംഗമായ നിൽപ്പും ഇരിപ്പും നോട്ടവും ഓട്ടവും സംസാരവും എല്ലാം പ്രേക്ഷകരുടെ ഉള്ളിൽ തുളച്ചു കയറി.
നാല് വയസിൽ 'സുഗന്ധി" എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ച ആദിശേഷൻ 'ബാലൻ' സിനിമയിലൂടെ മലയാളത്തിന്റെ പ്രിയ ബാലതാരമായി മാറി. ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ’ ആസ്വദിച്ചവർ ചേർത്തല തണ്ണീർമുക്കം കണ്ണാടിക്കൽ പിആർ രതീഷിന്റെയും ആതിരയുടെയും ഏഴു വയസുകാരൻ മകൻ ആദിശേഷനെ കൂടെ കൂട്ടി. ആദിശേഷന്റെ പ്രകടനം കണ്ടപ്പോൾ തന്റെ അഭിനയം ഒന്നുകൂടി മിനുക്കേണ്ടതുണ്ടെന്ന് തോന്നി എന്ന് തമിഴ് നടൻ സൂര്യ സമൂഹ മാദ്ധ്യമത്തിൽ കുറിച്ച വാക്കുകൾ അംഗീകാരമായി മാറുന്നു.
സുഗന്ധി കണ്ട ഗണപതി
'സുഗന്ധി" കണ്ട കാസ്റ്റിംഗ് ഡയറക്ടർ ഗണപതി ആദിശേഷനെ തേടിയെത്തി . ഓഡിഷനിലൂടെയും ചിദംബരത്തിന്റെ നേതൃത്വത്തിൽ അഭിനയ പരിശീലനത്തിലൂടെയും ആദിശേഷൻ ബാലനായി. ആറ് വയസിലാണ് ബാലന്റെ ഭാഗമാകുന്നത്. ആ സമയത്ത് ഡയലോഗുകൾ വായിക്കാൻ അറിയില്ലായിരുന്നു. ഗണപതി പറഞ്ഞു പഠിപ്പിച്ചു. അത് ഓർമയിൽ സൂക്ഷിച്ചാണ് അഭിനയിച്ചത്.ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് വിശദമായി പറഞ്ഞു കൊടുത്തു. പ്രായം കുറവായിരുന്നെങ്കിലും കഥാപാത്രത്തെ മനസിലാക്കി അവതരിപ്പിക്കാൻ കഴിഞ്ഞത് ചിദംബരത്തിന്റെയും ടീമിന്റെയും പിന്തുണ കൊണ്ടാണെന്ന് അമ്മ ആതിര.
പനിക്കിടയിലും പൂർത്തിയാക്കി ഷൂട്ടിംഗ്
ചിത്രീകരണത്തിനിടെ പനി പിടിപ്പെട്ടു. ശ്വാസതടസം ഉണ്ടായപ്പോൾ വീട്ടുകാരും ലൊക്കേഷനിൽ ഉള്ളവരും ആശങ്കയിലായി . ചികിത്സയും വിശ്രമവും നൽകി ഷൂട്ടിംഗ് പൂർത്തിയാക്കി. സിനിമയോടുള്ള ആത്മാർത്ഥത അന്നത്തെ സാഹചര്യത്തിലും പ്രകടമായിരുന്നുവെന്ന് സംവിധായകൻ ചിദംബരം സാക്ഷ്യപ്പെടുത്തുന്നു. 'ബാലൻ’ കണ്ടവർ ആദിശേഷന്റെ അച്ഛനേയും അമ്മയേയും വിളിച്ചു. സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും അഭിനന്ദനങ്ങൾ എത്തി. ആളുകൾ തിരിച്ചറിയുമ്പോൾ ആദിശേഷന് സന്തോഷം .
ടൊവിനോ തന്ന സ്വപ്നം
അഭിനയിക്കണമെന്ന ആഗ്രഹത്തിന് പിന്നിൽ ഒരു സിനിമ അനുഭവമുണ്ട്. ടൊവിനോ തോമസ് ഉൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും അഭിനയിച്ച '2018' തിയേറ്ററിൽ കണ്ട് വീട്ടിലെത്തിയപ്പോഴാണ് 'എനിക്ക് അഭിനയിക്കണം' എന്ന് ആദിശേഷൻ ആദ്യമായി പറയുന്നത്. ടൊവിനോ തോമസിന്റെ സിനിമകൾ മാത്രമല്ല, പഴയ മലയാള സിനിമകളും കാണാറുണ്ട്. ബാലനിൽ ടൊവിനോ തോമസിനൊപ്പം അഭിനയിക്കുകയും ചെയ്തു. സിനിമയോട് ഇഷ്ടവും കൗതുകവുമാണ് അഭിനയത്തിലേക്ക് എത്തിച്ചതെന്ന് അമ്മ ആതിര പറയുന്നു.തണ്ണീർമുക്കം പഞ്ചായത്ത് എൽ.പി. സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആദിശേഷൻ. നാല് മാസം ചിത്രീകരണം ഉണ്ടായിരുന്നു. അദ്ധ്യാപകർ വേണ്ട പിന്തുണ നൽകിയതിനാൽ അഭിനയവും പഠനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവാൻ സാധിച്ചു. 'ബാലൻ" കണ്ട അദ്ധ്യാപകർക്കും ആദിശേഷന്റെ അഭിനയം ഇഷ്ടപ്പെട്ടു.സിനിമ തന്ന അവസരം സന്തോഷത്തോടെയാണ് ആദിശേഷൻ കാണുന്നത്. ഇനിയും അഭിനയിക്കാനാണ് ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |