യൂറോപ്യൻ രാജ്യങ്ങളിൽ തരംഗം സൃഷ്ടിച്ച മോഹൻലാലിനൊപ്പമുള്ള സ്റ്റേജ് ഷോയുടെ അനുഭവങ്ങൾ പങ്കുവച്ച് നടനും നർത്തകനുമായ റംസാൻ മുഹമ്മദ്. മോഹൻലാലിന്റെ കൂടെ വേദി പങ്കിടാനും അദ്ദേഹത്തിനായി നൃത്തച്ചുവടുകൾ ഒരുക്കാനും സാധിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായി കരുതുന്നുവെന്ന് റംസാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ജർമ്മനി, അയർലൻഡ്, ലണ്ടൻ... ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ഒരു കലാകാരനായി പെർഫോം ചെയ്യുമ്പോഴൊക്കെ എനിക്ക് ലഭിക്കുന്നത് വല്ലാത്തൊരു സന്തോഷമാണ്. കാണികളുടെ ആവേശവും അവരുടെ പ്രതികരണങ്ങളും ഞങ്ങൾക്ക് തരുന്ന സ്‌നേഹവുമൊക്കെ ഓരോ വേദിയെയും മറക്കാനാകാത്ത അനുഭവമാക്കി മാറ്റാറുണ്ട്. പക്ഷേ, ഇത്തവണത്തെ സന്തോഷം മറ്റെല്ലാറ്റിനും അപ്പുറമായിരുന്നു.
കാരണം, നമ്മുടെ ലാലേട്ടനൊപ്പം വേദി പങ്കിടാനും, അതിലുപരി അദ്ദേഹത്തിന് വേണ്ടി നൃത്തം കൊറിയോഗ്രാഫി ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചു. ജീവിതത്തിൽ ഞാൻ എന്നും നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒന്നായിരിക്കും ഈ അവസരം. എല്ലാറ്റിനുമുപരിയായി, റിഹേഴ്‌സലിന്റെ സമയത്ത് ലാൽ സാറിനെ നോക്കിനിൽക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ആസ്വദിച്ചതും. നൃത്തച്ചുവടുകൾ പഠിക്കുമ്പോഴും അത് ചെയ്യുമ്പോഴും ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടും ആവേശത്തോടും കൂടിയാണ് അദ്ദേഹം അതിനെ സമീപിച്ചത്. ഓരോ ചുവടും തന്റെ ആദ്യത്തെ പാഠം പോലെയാണ് അദ്ദേഹം ശ്രദ്ധയോടെ കേട്ടതും പഠിച്ചതും.
ഈ മേഖലയിൽ ദശാബ്‌ദങ്ങളുടെ പരിചയസമ്പത്തും അറിവും കഴിവുമുള്ള ഒരാളാണ് മോഹൻലാൽ സാർ എന്നതും ഒരുപാട് പ്രചോദനം നൽകുന്നു. ജീവിതത്തിൽ എല്ലാം നേടിയിട്ടും, ഒരു തുടക്കക്കാരന്റെ വിനയത്തോടെയും താല്പര്യത്തോടെയും അദ്ദേഹം ഇപ്പോഴും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഒരു 'ലെജൻഡ്' എന്ന് വിളിക്കുന്നത്. മറക്കാനാകാത്ത അനുഭവത്തിന് നന്ദി ലാലേട്ടാ...' റംസാൻ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |