കോഴിക്കോട്: യുഡിഎഫ് സർക്കാരിന്റെ കെഎസ്ആർടിസി സ്ത്രീസൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമയുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. 'ആനവണ്ടിയിലെ ആറു പെണ്ണുങ്ങൾ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 26 വയസുള്ള ആറ് യുവതികളുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചു. പ്രേക്ഷകർക്ക് ഇഷ്ടമായാൽ സിനിമയുമായി മുന്നോട്ട് പോകുമെന്നും സന്തോഷ് വ്യക്തമാക്കി.
വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായ ആറ് യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്. ജീവിതം മടുത്ത ആറ് പേരും തങ്ങളുടെ കൈയ്യിൽ പണമില്ലാത്തതിനാൽ, കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ സൗജന്യ യാത്ര മുതലെടുത്ത് കേരളം ചുറ്റാനിറങ്ങുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.
കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സൗജന്യ ബസുകൾ ഇല്ലെന്നറിഞ്ഞ് വിഷമിക്കുന്ന യുവതികളുടെ മുന്നിലേക്ക് ടിക്കറ്റ് ചെക്കിംഗ് ഇൻസ്‌പെക്ടറായ മനോഹർ പണ്ഡിറ്റായാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. കുറഞ്ഞ ചിലവിൽ ലിങ്ക് ബസുകൾ വഴി കേരളം മൊത്തം ചുറ്റാനുള്ള വഴി പണ്ഡിറ്റ് ഇവർക്ക് ഉപദേശിക്കുന്നു. മാത്രമല്ല, സ്വന്തം ചെലവിൽ ഇവർക്ക് താമസവും ഭക്ഷണവും വസ്ത്രവും വാങ്ങി നൽകി പണ്ഡിറ്റും കൂടെക്കൂടുന്നു.
യാത്രയ്‌ക്കൊടുവിൽ അവിവാഹിതയായ മധുബാല എന്ന യുവതി പണ്ഡിറ്റുമായി പ്രണയത്തിലാവുകയും തുടർന്ന് ഇവർ വിവാഹിതരാവുകയും ചെയ്യുന്നു. കെഎസ്ആർടിസിയിലെ സൗജന്യ യാത്രകൾ കാരണം സ്വകാര്യ ബസ് മേഖല തകരുന്നതും തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഹണിമൂൺ യാത്രയ്ക്കായി വീണ്ടും സൗജന്യ ബസുകളെ ആശ്രയിക്കാൻ ഭാര്യ ആവശ്യപ്പെടുമ്പോൾ, സ്വകാര്യ ബസ് ജീവനക്കാരെയും സഹായിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച് പണ്ഡിറ്റ് പറയുന്ന ഹൂ കെയേഴ്സ് എന്ന മാസ് ഡയലോഗോടെയാണ് ചിത്രം അവസാനിക്കുന്നത്. പതിവുപോലെ എട്ട് പ്രണയഗാനങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |