SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.15 PM IST

'ഭക്ഷണത്തിനായി പക്രുവിനെയും കൂട്ടി സർക്കസ് തുടങ്ങിയാലോ എന്നുവരെ ആലോചിച്ചു: എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ'

tiny-tom

ടിനി ടോമും ഗിന്നസ് പക്രുവും തമ്മിലുള്ള കോമ്പിനേഷൻ മലയാളികളെ എക്കാലവും ചിരിപ്പിച്ച ഒന്നായിരുന്നു. ഒരുകാലത്ത് ഇരുവരുടെയും സ്റ്റേജ് ഷോയ്ക്ക് ടിക്കറ്റെടുക്കാൻ മലയാളികളുടെ തിരക്കായിരുന്നു. വിദേശ രാജ്യങ്ങളിലെ മലയാളികൾ പോലും ഇരുവരുടെയും കോമ്പോ ഇഷ്ടപ്പെട്ട് ഒരുപാട് സ്റ്റേജ് ഷോയ്ക്ക് ക്ഷണിച്ചിരുന്നു. കൂടാതെ പക്രുവുമായി പങ്കെടുത്ത സ്റ്റേജ് ഷോകളെ കുറിച്ച് ടിനി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും ജർമ്മനിയിൽ ഒരു സ്‌റ്റേജ് ഷോ അവതരിപ്പിക്കാൻ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് ടിനി ടോം.

ജർമ്മനിയിലെ ഒരു വിമാനത്താവളത്തിൽ വച്ച് പാസ്‌പോർട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതും ശേഷമുണ്ടായ സംഭവവികാസങ്ങളുമാണ് ടിനി ടോം തുറന്നുപറയുന്നത്. കൗമുദി ടിവിയുടെ 'ടിനി കഥകൾ' എന്ന പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ടിനിയുടെ വാക്കുകളിലേക്ക്...

'ഫ്രാങ്ക്‌ഫേർട്ടിൽ നിന്ന് കോളോണിലേക്ക് മറ്റോ പോകുമ്പോഴായിരുന്നു, എപ്പോഴും തിരക്കിട്ട ഓട്ടമായിരിക്കും. പക്രുവിനെ എപ്പോഴും എടുത്തുകൊണ്ടു പോകണം. ഒരിക്കൽ ഇവനെയും എടുത്ത് ഓടുകയായിരുന്നു. വേറെ ഒരു ട്രെയിൻ കയറി ഞങ്ങൾ അടുത്ത വിമാനം പിടിക്കാൻ ഓടുകയായിരുന്നു. ഫ്‌ളൈറ്റിന്റെ അടുത്ത് എത്തിയപ്പോൾ ഇവൻ എന്റെ കയ്യിലിരിക്കുന്നു. ഞാൻ അവനോട് ചോദിച്ചു പാസ്‌പോർട്ട് എവിടെ എന്ന്. അവൻ എന്നെ നോക്കി നിന്റെ കയ്യിൽ ഇല്ലേ എന്ന് എന്നോട് ചോദിച്ചു. ഇത് എവിടെയാണ് വച്ചതെന്ന് ഞങ്ങൾക്ക് ഒരു ഓർമ്മയുമില്ല.

കൂടെയുള്ള എല്ലാവരും കയറിപ്പോകുകയാണ്. ഒരു പരിചയവുമില്ലാത്ത എയർപോർട്ടിലാണ് ഞങ്ങൾ നിൽക്കുന്നത്. അങ്ങനെ ഞങ്ങൾ പാസ്‌പോർട്ട് വച്ച ബാഗ് എടുക്കാൻ എമർജൻസി ഗേറ്റ് വഴി പുറത്തേക്ക് ഓടി. ഭാഗ്യവശാൽ ബാഗ് അവിടെയുണ്ടായിരുന്നു. ഇനി അവിടെ നിന്ന് കയറിപ്പോകേണ്ട കാര്യമാണ് നോക്കേണ്ടത്. ഞങ്ങളുടെ കയ്യിൽ കാശില്ല. ടിക്കറ്റില്ല, ഒന്നുമില്ല. എന്ത് ചെയ്യുമെന്ന് അറിയില്ല.

ഈ സമയത്ത് ഞാൻ പക്രുവിനോട് പറഞ്ഞു, നമുക്ക് വല്ല സർക്കസ് കമ്പനി വല്ലതും എയർപോർട്ടിൽ തുടങ്ങാം. എന്തെങ്കിലും കഴിക്കണ്ടേ. വിശന്നിട്ടും പാടില്ല. അങ്ങനെ നോക്കിയപ്പോൾ പൗണ്ടിന്റെ കുറച്ച് കോയിൻസ് ബാഗിൽ നിന്ന് കിട്ടി. അതിന് ഒരു കാപ്പിയും കുറച്ച് ഫ്രഞ്ച് ഫ്രൈസും കിട്ടും. അങ്ങനെ ഞങ്ങൾ പരിപാടി നടത്തിയ ആളെ വിളിച്ചു. ദൈവാനുഗ്രഹം കൊണ്ട് അവർ ഓടിയെത്തി. ഞങ്ങളുടെ ടിക്കറ്റ് എടുക്കുകയും കൊളോണിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു'- ടിനി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TINI TOM, CINEMA, LATEST NEWS IN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY