
മമ്മൂട്ടിക്ക് ദേശീയ അവാർഡ് 25 വർഷത്തിന് ശേഷം
തിരുവനന്തപുരം: ''ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..'' കൊടുമൺപോറ്റിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നൊരു വന്യമായ ചിരി. മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ച. ഇങ്ങനെ ഒരു മമ്മൂട്ടിയെ മുമ്പ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതാണ് മമ്മൂട്ടി. വെല്ലുവിളിച്ചു നിൽക്കുന്ന കഥാപാത്രത്തെ അങ്ങ് ഉൾക്കൊണ്ടാൽ പിന്നെ പകർന്നാട്ടമാണ്. പക്ഷേ ചിത്രത്തിലൊരിടത്തും മമ്മൂട്ടിയെന്ന സൂപ്പർതാരത്തെ കാണാനാകില്ല. സിനിമയിൽ 55 വർഷം പൂർത്തിയാക്കുന്ന മമ്മൂട്ടിക്ക് ഇത് നാലാമത്തെ ദേശീയപുരസ്കാരമാണ്. പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ച് അധികം വൈകുംമുമ്പേയെത്തിയ അംഗീകാരം. ഭ്രമയുഗത്തിനായിരുന്നു മമ്മൂട്ടിക്ക് കഴിഞ്ഞ സംസ്ഥാന പുരസ്കാരം ലഭിച്ചത്. മൂന്നാമത്തേയും നാലാമത്തേയും ദേശീയ അവാർഡിനിടയിൽ കാൽനൂറ്റാണ്ട് ഉണ്ടായി എന്നതാണ് സത്യം.
ഇതിനു മുമ്പ് 1999ൽ 'ഡോ. ബാബാ സാഹേബ് അംബേദ്കറി"ലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
'നൻപകൽ നേരത്ത് മയക്ക'ത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് 2022ലെ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവാർഡ് ലഭിച്ചത് ഋഷഭ് ഷെട്ടിക്ക് (കാന്താര). ഋഷഭ് ഷെട്ടിയുടേത് മികച്ച പ്രകടനമായിരുന്നെങ്കിലും 'നൻപകൽ നേരത്ത് മയക്ക'ത്തിലെയും 'റോഷാക്കി'ലെയും അഭിനയത്തിന് മമ്മൂട്ടി അവാർഡിനർഹനായിരുന്നുവെന്നായിരുന്നു വിമർശനം.
ഈ രണ്ട് ചിത്രങ്ങളും ദേശീയ അവാർഡ് ജൂറിക്ക് മുന്നിൽ എത്തിയിരുന്നില്ല എന്ന് സൗത്ത് ജൂറി അംഗമായിരുന്ന സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 'പേരൻപ്' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 2019ൽ മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. പ്രഖ്യാപനം വന്നപ്പോൾ മികച്ച നടന്മാരായത് വിക്കി കൗശലും ആയുഷ്മാൻ ഖുറാനയുമായിരുന്നു. തുടർന്നുമുണ്ടായി വിവാദം. ഒടുവിൽ ജൂറി ചെയർമാൻ രാഹുൽ റാവേലിന്, മമ്മൂട്ടിക്ക് സോഷ്യൽ മീഡിയയിൽ തുറന്ന കത്തെഴുതേണ്ടി വന്നു. വൈക്കം ചെമ്പുകാരനായ മമ്മൂട്ടിക്കൊപ്പം വൈക്കത്തുകാരിയായ വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |