SignIn
Kerala Kaumudi Online
Saturday, 23 May 2026 7.14 PM IST

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക്; ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനം, മന്ത്രിമാരെയും നിശ്ചയിക്കണം

elections-2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതോടെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. വിജയിച്ച് വന്ന എംഎല്‍എമാരായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിര്‍ദേശിക്കുക. ഇതിന് ശേഷം ഘടകകക്ഷികളുടെ കൂടി അഭിപ്രായം കേട്ടായിരിക്കും അന്തിമ പ്രഖ്യാപനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്ന പാര്‍ട്ടിയേയും മുന്നണിയേയും മുന്നില്‍ നിന്ന് നയിച്ച് ഗംഭീര തിരിച്ചുവരവിന് നേതൃത്വം നല്‍കിയ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികള്‍ക്കിടയിലുള്ള വികാരം. എന്നാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമാണ്. എംഎല്‍എമാരില്‍ ഭൂരിഭാഗവും കെസി വേണുഗോപാല്‍ പക്ഷത്തുള്ളവരാണെന്നത് അദ്ദേഹത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്ന് ഒരു ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന പദവിയിലേക്ക് വേണുഗോപാല്‍ പോകേണ്ടതില്ല എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ചെന്നിത്തല, സതീശന്‍ എന്നിവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ഇൗ രണ്ട് വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ സമവായമെന്ന നിലയില്‍ കെസി വേണുഗോപാലിന് നറുക്ക് വീണേക്കാം. അതോടൊപ്പം തന്നെ മന്ത്രിമാരെയും തീരുമാനിക്കേണ്ടതുണ്ട്. നിരവധി നേതാക്കള്‍ വിജയിച്ചുവന്ന സാഹചര്യത്തില്‍ അതിലും തര്‍ക്കമുണ്ടാകാതെ നോക്കേണ്ടതുണ്ട് പാര്‍ട്ടിക്ക്.

മികച്ച വിജയത്തിന്റെ ശോഭകെടാതെ തര്‍ക്കങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. അതുപോലെ തന്നെ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനം വരേണ്ടതുണ്ട്. ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രി സ്ഥാനങ്ങളും ആര്‍സ്പി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എന്നിവര്‍ക്ക് ഓരോ വകുപ്പ് വീതവും നല്‍കും. സിഎംപിക്ക് മന്ത്രിസ്ഥാനം നല്‍കുമോയെന്നതില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTIONS 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA