SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വോട്ടുവിമാനങ്ങൾ ഇക്കുറി പറക്കില്ല

election

കൊച്ചി: തിരഞ്ഞെടുപ്പുകാലത്ത് നാട്ടിലേക്ക് ഗൾഫിൽ നിന്ന് പതിവായി പറക്കുന്ന 'വോട്ടുവിമാനങ്ങൾ" ഇക്കുറിയില്ല. പശ്ചിമേഷ്യൻ സംഘർഷം ഈ ചാർട്ടേഡ് വിമാനങ്ങളുടെ ചിറകരിഞ്ഞു. അതിനാൽ,​ പ്രവാസി വോട്ടുകളിൽ കുത്തനെ ഇടിവുണ്ടാകും. 15 വോട്ടുവിമാനങ്ങൾ വരെ എത്തിയിരുന്നു. ഇത്തവണ ഇതുവരെ ഒന്നുപോലുമില്ല. അതിനുള്ള ശ്രമങ്ങൾ പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെങ്കിലും സാദ്ധ്യതയില്ലെന്നാണ് വിവരം.

മലബാർ മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതൽ എത്തിയിരുന്നത്. കേരള മുസ്ലിം കൾചറൽ സെന്റർ (കെ.എം.സി.സി) ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകൾ ഏർപ്പെടുത്തുന്ന വിമാനങ്ങളിൽ പ്രവർത്തകർക്ക് സൗജന്യമായി യാത്ര ചെയ്യാമായിരുന്നു. യു.എ.ഇയിൽ മാത്രം 18 ലക്ഷത്തോളം മലയാളികൾ ഉള്ളതായാണ് കണക്ക്.
പ്രചാരണത്തിനും മറ്റും സ്വന്തം ചെലവിൽ എത്തിയിരുന്നവരും യാത്ര വേണ്ടെന്നുവച്ചു. കുതിച്ചുയരുന്ന യാത്രാനിരക്കും ജോലിയിലെ അനിശ്ചിതത്വവും മൂലം സജീവപ്രവർത്തകരടക്കം വരവ് ഒഴിവാക്കുകയായിരുന്നു.

വോട്ടെടുപ്പിൽ നിന്ന് പ്രവാസികൾ കൂട്ടത്തോടെ വിട്ടുനിൽക്കേണ്ടിവരുന്ന സാഹചര്യം ആദ്യമാണ്. പ്രചാരണത്തിനായി മുതിർന്ന നേതാക്കളടക്കം ഗൾഫിൽ എത്തുമായിരുന്നു. കാര്യമായ സംഭാവനകളും കിട്ടുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യം വോട്ടർമാർക്കും പാർട്ടികൾക്കും ഒരുപോലെ വിനയായി.

തിരഞ്ഞെടുപ്പുകാലത്ത് പതിവായിരുന്ന ചർച്ചകളും ഇക്കുറിയില്ല. പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ,​ മലയാളികളടക്കം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്ന കാര്യങ്ങൾ ഗൾഫ് അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്. അതിനാൽ വാട്‌സാപ്പ് ഗ്രൂപ്പുകളും നിശബ്ദം.

നിലനില്പാണ് പ്രധാനം
ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള വിമാനസർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ല. ഇന്ധനവില ഉയർന്നതിനാൽ ടിക്കറ്റ് നിരക്ക് നാലിരട്ടിയായി. സൗദി, ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ, കുവൈറ്റ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സംഘർഷം കാര്യമായി ബാധിക്കാത്ത ഒമാനിൽനിന്നുള്ള സർവീസുകളുടെ സ്ഥിതിയും ഇതാണ്. നാട്ടിൽ പോയാൽ തിരികെ വരാനാകുമോ, ജോലി നഷ്ടമാകുമോ തുടങ്ങിയ ആശങ്കകളും പ്രവാസികളെ അലട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA