SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ഇനിയൊരു 5 വർഷം ബി.ജെ.പിക്ക് നൽകി നോക്കൂ: നരേന്ദ്ര മോദി

gb

തിരുവനന്തപുരം: ഇനിയൊരു 5 വർഷം ബി.ജെ.പിക്ക് നൽകി നോക്കൂ, വലിയ മാറ്റം കാണിച്ചു കൊടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകരുമായി 'മേരാ ബൂത്ത് സബ്‌സെ മസ്ബൂത്" ഓഡിയോ ബ്രിഡ്ജിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമല അയ്യപ്പന്റെ ഭക്തരോട് ഇടതുമുന്നണി സർക്കാർ കാണിച്ച ക്രൂരതയും വിശ്വാസവഞ്ചനയും മറക്കരുതെന്നും മോദി പറഞ്ഞു. കേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ വരണം. ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്ന സർക്കാർ ഉണ്ടാവണം. കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജനങ്ങൾ 75വർഷം നൽകി.

സംസ്ഥാനത്തെ യുവാക്കൾക്ക് നാടുവിട്ടു പോകേണ്ട സാഹചര്യം മാറണം.ടൂറിസം,ഐടി,സ്റ്റാർട്ടപ്പ് മേഖലകളിൽ പുതിയ അവസരങ്ങളുണ്ടാകണം. അതെല്ലാം ബി.ജെ.പി സർക്കാർ കേരളത്തിൽ കൊണ്ടുവരും. വികസിത കേരളം എന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.

ഇത്തവണ കേരളത്തിൽ പുതിയൊരു സർക്കാരല്ല, ഒരു പുതിയ വ്യവസ്ഥിതിയാണ് ഉണ്ടാകേണ്ടത്. ബി.ജെ.പി,എൻ.ഡി.എ മുന്നണിക്ക് അനുകൂലമായ വലിയ തരംഗം കേരളത്തിൽ ദൃശ്യമാണ്. എന്റെ ബൂത്ത് ഏറ്റവും ശക്തമായ ബൂത്ത്" എന്ന മന്ത്രവുമായി ഓരോരുത്തരും ഓരോ ബൂത്തിലും പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഏപ്രിൽ 9ന് മുൻപായി ബൂത്തിലെ ഓരോ കുടുംബത്തെയും കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദർശിക്കണം. ഓരോ വോട്ടറോടും നേരിട്ട് സംസാരിക്കണം.
കഴിഞ്ഞ വർഷങ്ങളിൽ എൻ.ഡി.എ സർക്കാർ കേരളത്തിന് നൽകിയ വികസന പദ്ധതികളായ സൗജന്യറേഷൻ,വീട് നിർമ്മാണം,കുടിവെള്ളം തുടങ്ങിയ കേന്ദ്ര പദ്ധതികൾ എങ്ങനെയൊക്കെയാണ് ഇവിടത്തെ ഇടതുമുന്നണി സർക്കാർ തടസ്സപ്പെടുത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


 സംവാദക്കാർ 4 ലക്ഷം

കേരളത്തിലെ 4 ലക്ഷത്തോളം പേരാണ് ഓഡിയോ ബ്രിഡ്ജ് സംവാദ പരിപാടിയിൽ പങ്കെടുത്തത്. യുവാക്കളും വനിതകളും കർഷകരും പട്ടികജാതി,പട്ടികവർഗ്ഗ സമുദായത്തിൽ നിന്നുള്ള പ്രവർത്തകരും പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു. കേരളത്തിലെ 140 എൻഡിഎ സ്ഥാനാർത്ഥികളും വിവിധയിടങ്ങളിൽ പങ്കെടുത്തു.തിരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജനങ്ങളിലേക്ക് എത്തിക്കേണ്ട സന്ദേശങ്ങളെക്കുറിച്ചും അദ്ദേഹം നിർദേശങ്ങൾ നലകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA