SignIn
Kerala Kaumudi Online
Friday, 28 August 2026 11.03 PM IST

യുഎസിനെ നടുക്കിയ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം,​ 25 വർഷത്തെ കാത്തിപ്പിനൊടുവിൽ വിചാരണ; ആരാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ്

khalid-sheikh-mohammed
ഖാലിദ് ഷെയ്ഖ് മുഹമ്മദ്

2001 സെപ്തംബർ 11ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ ഏകദേശം 3,000 പേരുടെ ഓർമ്മയ്ക്കായി അനുസ്മരണച്ചടങ്ങുകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് യുഎസ്. ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരനാണ് 25 വർഷം മുമ്പ് നടന്ന ദാരുണമായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്നത്.

അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും നിന്ദ്യമായ ക്രിമിനൽ പ്രവൃത്തിയെന്നാണ് യു.എസ്. സർക്കാർ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണം നടന്ന് കാൽനൂറ്റാണ്ടിലേറെയായ ശേഷമാണ് ഖാലിദിനെ വിചാരണ ചെയ്യാനുള്ള നടപടികൾക്ക് വഴിയൊരുങ്ങുന്നത്. 2028 ജൂണിൽ കെ.എസ്.എം എന്നറിയപ്പെടുന്ന മുഹമ്മദിന്റെ വിചാരണ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം സൈനിക ജഡ്ജി വിധിച്ചിരുന്നു.

ആരാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ്

കെ.എസ്.എം എന്നറിയപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ്, 2001 സെപ്തംബർ 11ന് അമേരിക്കയിലെ ട്രേഡ് സെന്ററിൽ അടക്കം നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകനായാണ് വിലയിരുത്തുന്നത്. ഭീകരാക്രമണത്തിന്റെ കമ്മീഷൻ റിപ്പോർട്ടിലും യുഎസ് സെനറ്റ് റിപ്പോർട്ടിലും ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയായ ക്രൂരനുമായ നേതാവായാണ് ഖാലിദിനെ യുഎസ് ഭരണകൂടം വിശേഷിപ്പിച്ചിരിക്കുന്നത്. പെന്റഗൺ പറയുന്നതനുസരിച്ച്, 9/11 ആക്രമണങ്ങളുടെ മുഴുവൻ ഉത്തരവാദി താനാണെന്ന് ഖാലിദ് സമ്മതിച്ചിട്ടുണ്ട്.


കാർ ബോംബ് സ്‌ഫോടനങ്ങൾ, കൊലപാതകങ്ങൾ, വിമാന ബോംബാക്രമണങ്ങൾ, ഹൈജാക്കിംഗുകൾ തുടങ്ങിയ ആക്രമണങ്ങൾക്ക് പദ്ധതികൾ ആവിഷ്‌കരിച്ച് ഖാലിദ് പിന്നീട് അൽഖ്വയ്ദയിലെ പ്രധാന അംഗമായി മാറിയെന്ന് 9/11 കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. വാസ്തവത്തിൽ, 'ബോജിങ്ക' പദ്ധതിയുടെ ആസൂത്രകനും ഖാലിദ് ആയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട പദ്ധതിയായിരുന്നു ഇത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വധിക്കാൻ ശ്രമിക്കുക, വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടക്കാൻ കഴിയുന്ന തരത്തിൽ ദ്രാവക നൈട്രോഗ്ലിസറിൻ ഉപയോഗിച്ച് ബോംബുകൾ തയ്യാറാക്കുകയും, പസഫിക് സമുദ്രത്തിന് മുകളിലൂടെ ഒരേസമയം 11 അമേരിക്കൻ വിമാനങ്ങളിൽ ബോംബാക്രമണം നടത്തുക തുടങ്ങിയ പദ്ധതികളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്.

trade-centre
2001 സെപ്റ്റംബർ 11 ന് ഹൈജാക്ക് ചെയ്യപ്പെട്ട യാത്രാ വിമാനം വേൾഡ് ട്രേഡ് സെന്ററിനടുത്തേക്ക് അടുക്കുന്നു. ഫയൽ ചിത്രം

ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ടത്

9/11 കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം, ഖാലിദ് ആയിരുന്നു അമേരിക്കയ്‌ക്കെതിരെ ഇത്തരമൊരു ഭീകരാക്രമണം നടത്തണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. പരിശീലനം ലഭിച്ച പൈലറ്റുമാരെ ഉപയോഗിച്ച് യാത്രാ വിമാനങ്ങൾ അമേരിക്കയിലെ പ്രധാന കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറ്റാനുള്ള പദ്ധതി ഒസാമ ബിൻ ലാദനോട് ഖാലിദ് നിർദേശിച്ചതായാണ് കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ആക്രമണങ്ങളിൽ പങ്കെടുത്ത വിമാനറാഞ്ചികളായ മുഹമ്മദ് അത്ത, മർവാൻ അൽഷെഹി, സിയാദ് ജറാ, റംസി ബിൻ അൽഷിബ് എന്നിവർക്ക് ആക്രമണം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് ഖാലിദ് നിർദേശങ്ങൾ നൽകിയിരുന്നതായും ആക്രമണത്തിനായി ഉപയോഗിച്ച പണം കൈമാറിയതായും ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു 2001 ഓഗസ്റ്റ് അവസാനത്തോടെ ആക്രമണത്തിന് ലക്ഷ്യമിടേണ്ട വിമാനങ്ങൾ മുഹമ്മദ് അത്ത അന്തിമമായി തീരുമാനിച്ചു. ഈ വിവരങ്ങൾ അൽഷെഹി വഴി ഖാലിദിന് കൈമാറി. തുടർന്ന് സെപ്തംബർ ആറിന് കറാച്ചിയിൽ നിന്ന് കാണ്ഡഹാറിലേക്ക് യാത്ര ചെയ്ത ഖാലിദ് , വിവരങ്ങൾ നേരിട്ട് ഒസാമ ബിൻ ലാദനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ദിവസങ്ങൾക്കുശേഷം, സെപ്തംബർ 11ന് നാല് അമേരിക്കൻ വിമാനങ്ങൾ ഭീകരർ തട്ടിയെടുത്തു. അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്‌ളൈറ്റ് 175 എന്നിവ ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്ക്, തെക്ക് ടവറുകളിൽ ഇടിച്ചുകയറി. അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് 77 പെന്റഗണിലും ഇടിച്ചു. യാത്രക്കാരും ജീവനക്കാരും വിമാനം തിരിച്ചുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസ് ഫ്‌ളൈറ്റ് 93 പെൻസിൽവാനിയയിലെ ഷാങ്ക്സ്വില്ലയ്ക്ക് സമീപം തകർന്നുവീണു. ആക്രമണങ്ങളിൽ 2,997 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖാലിദ് പിടിയിലായത്

2003ൽ പാകിസ്ഥാനിലെ റാവൽപിണ്ടിയിൽവച്ചാണ് കെ.എസ്.എമ്മിനെ പിടികൂടിയത്. തുടർന്ന് യു.എസ്. സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) ഇയാളെ രഹസ്യ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഭാവിയിലെ ഭീകരാക്രമണങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനായി മറ്റ് അൽഖ്വയ്ദ പ്രവർത്തകരെപ്പോലെ ഖാലിദിനെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായി റിപ്പോർട്ടുകളുണ്ട്.

2006ൽ ഇയാളെ ക്യൂബയിലെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ബേ തടങ്കൽപ്പാളയത്തിലേക്ക് മാറ്റി. അവിടെവച്ച് 9/11 ആക്രമണത്തിലെ തന്റെ പങ്കിനെക്കുറിച്ച് ഖാലിദ് കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച വിമാനറാഞ്ചികളുടെ ആസൂത്രണത്തിനും പരിശീലനത്തിനും താനാണ് ഉത്തരവാദിയെന്ന് അവകാശപ്പെട്ടു. മറ്റ് നിരവധി ഭീകരാക്രമണങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ഖാലിദ് സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.

guantanamo-bay-cuba
ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ ജയിൽ

വിചാരണ വൈകാൻ കാരണം

2003ൽ പിടിയിലാകുകയും 2006ൽ ഗ്വാണ്ടനാമോയിലെത്തിക്കുകയും ചെയ്തിട്ടും ഖാലിദ് ഇതുവരെ വിചാരണ നേരിട്ടിട്ടില്ല. 2028 ജൂൺ 5നാണ് ഇപ്പോൾ വിചാരണ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വൈകലിന് പ്രധാനമായും പല കാരണങ്ങളുണ്ട്. അഞ്ച് പ്രതികളെയും ഒരുമിച്ച് വിചാരണ ചെയ്യാനായിരുന്നു യു.എസ്. സർക്കാരിന്റെ ആദ്യ തീരുമാനം. എന്നാൽ 2023ൽ പ്രതികളിലൊരാളായ റംസി ബിൻ അൽഷിബ് വിചാരണ നേരിടാൻ യോഗ്യനല്ലെന്ന് മെഡിക്കൽ സംഘം കണ്ടെത്തി. തുടർന്ന് ജഡ്ജി ഇയാളുടെ കേസ് ഒഴിവാക്കി. ഖാലിദും മറ്റ് പ്രതികളും നേരിട്ടതായി പറയപ്പെടുന്ന പീഡനങ്ങളും വിചാരണ വൈകാൻ കാരണമായി. പീഡനത്തിലൂടെ ലഭിച്ച വിവരങ്ങളിൽ ഏതൊക്കെ കോടതിയിൽ തെളിവായി സമർപ്പിക്കാമെന്നതിനെച്ചൊല്ലി പ്രതിഭാഗവും പ്രോസിക്യൂഷനും വർഷങ്ങളായി നിയമപോരാട്ടത്തിലാണ്.

state-court-sergeant
ന്യൂയോർക്ക് സ്റ്റേറ്റ് കോടതി സർജന്റ്

കുറ്റസമ്മത കരാർ തകർന്നു

2024ൽ ഖാലിദും 9/11 കേസിലെ മറ്റ് രണ്ട് പ്രതികളും സൈനിക പ്രോസിക്യൂട്ടർമാരുമായി കുറ്റസമ്മത കരാറിലെത്തിയിരുന്നു. ഏകദേശം 2,976 പേരുടെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിക്കുന്നതിന് പകരമായി വധശിക്ഷ ഒഴിവാക്കുക എന്നതായിരുന്നു കരാറിലെ വ്യവസ്ഥ. കരാർ അംഗീകരിച്ചിരുന്നെങ്കിൽ ഖാലിദിന് ഗ്വാണ്ടനാമോയിൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാൽ 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ പലരും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് അന്നത്തെ യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ കരാർ റദ്ദാക്കാൻ ഇടപെട്ടു.

പ്രതിഭാഗം അഭിഭാഷകർ ഇതിനെതിരെ രംഗത്തെത്തിയതോടെ വിഷയം ഫെഡറൽ കോടതിയിലുമെത്തി. കഴിഞ്ഞ ജൂലായിൽ വാഷിംഗ്ടണിലെ കോടതി 2-1 ഭൂരിപക്ഷത്തിൽ ഓസ്റ്റിൻ കരാർ റദ്ദാക്കിയത് തന്റെ അധികാരപരിധിക്കുള്ളിലായിരുന്നുവെന്ന് വിധിച്ചു. ഇപ്പോൾ 2028 ജൂൺ അഞ്ചിന് ഖാലിദിന്റെ വിചാരണ ആരംഭിക്കാനാണ് തീരുമാനം. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണാം.

English Summary

Khalid Sheikh Mohammed, alleged mastermind of the 9/11 attacks that killed nearly 3,000 people in 2001, is set to begin trial in June 2028. His long-delayed prosecution, following capture in 2003 and detention at Guantanamo Bay, faced hurdles including legal disputes over torture-obtained evidence and a recently collapsed plea agreement to avoid the death penalty.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US TERROR ATTACK, SEP 11 2001, KSM, KHALID SHEIKH MOHAMMED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360