SignIn
Kerala Kaumudi Online
Friday, 28 August 2026 12.49 PM IST

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിലെ സാമ്പത്തിക തട്ടിപ്പ്; ഫെമ കേസെടുത്ത് ഇഡി

messi
മെസി

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. വിദേശത്തേക്ക് 126 കോടി രൂപ അയച്ചെന്ന വെളിപ്പെടുത്തലിലാണ് കേസ്. പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു. പണം കൈമാറുന്നതിൽ ഫെമ ചട്ടലംഘനം ഉണ്ടായെന്നാണ് ഇഡി വിലയിരുത്തൽ.

ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ രേഖകൾ ശേഖരിക്കാനുള്ള നോട്ടീസും ഇഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്‌ടി വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. പണം എങ്ങനെയാണ് വിദേശത്തേക്ക് അയച്ചതെന്നും സോഴ്‌സ് എങ്ങനെയാണെന്നുമാണ് അന്വേഷിക്കുന്നത്. നിലവിൽ പ്രാഥമിക അന്വേഷണമാണ് ഇഡി നടത്തുന്നത്.

അർജന്റീന വിഷയത്തിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പരാതിയിൽ കഴിഞ്ഞ വർഷം ഇഡി സ്‌പോൺസർക്കെതിരെ പരിശോധന നടത്തിയിരുന്നെങ്കിലും മറ്റ് ഏജൻസികൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. എന്നാൽ, ഫെമ ലംഘനങ്ങളിൽ ഇഡിക്ക് നേരിട്ട് കേസെടുക്കാനാകും.

അർജന്റീന ഫുട്ബോൾ അസോസിയേഷന് കൈമാറാനായി സ്പോൺസർ വിദേശത്തേക്ക് പണം അയച്ചതിന്റെയും അത് അർജന്റീന അസോസിയേഷൻ കൈപ്പറ്റിയതിന്റെയും രേഖകൾ സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്ന് കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങളിൽ, സ്പോൺസർക്കെതിരായ പൊലീസ് മുന്നറിയിപ്പ് എൽഡിഎഫ് സർക്കാർ അവഗണിക്കുകയായിരുന്നു.

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ സാമ്പത്തിക സ്രോതസുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇവർക്കെതിരെ ഇഡി അന്വേഷണം വന്നാൽ അത് സർക്കാരിനെതിരായ നീക്കമായി മാറുമെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ട് ലഭിച്ചശേഷവും സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ ഉന്നതതല യോഗം ചേരുകയായിരുന്നു.

വഞ്ചനാക്കുറ്റം ഉൾപ്പെടെ സ്‌പോൺസർക്കെതിരായ 19 കേസുകളുടെ വിശദാംശങ്ങൾ പൊലീസ് സർക്കാരിനെ അറിയിച്ചിരുന്നു. ഫിഫയുടെ അനുമതി ലഭിക്കും മുമ്പ് മെസി വരുമെന്ന പ്രഖ്യാപനം സ്‌പോൺസർ നടത്തിയത് സ്വന്തം പ്രമോഷനുവേണ്ടിയാണെന്ന് സംശയിക്കുന്നതായും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

English Summary

The Enforcement Directorate has registered a FEMA case over financial transactions linked to plans to bring Lionel Messi to Kerala. The agency is investigating the reported transfer of ₹126 crore abroad, collecting payment records and agreements. It is also examining the source of funds and possible FEMA violations involving the sponsor.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI KERALA VISIT, ED FEMA CASE, 126 CRORE TRANSFER, MESSI KERALA NEWS, MESSI VARUNNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA