SignIn
Kerala Kaumudi Online
Saturday, 27 June 2026 3.53 AM IST

വലിഞ്ഞും മുറുകിയും പാല

READ ENGLISH VERSION
s

കോട്ടയം: റബർ പോലെയാണ് പാല. ഉറഞ്ഞുകൂടിയാൽ വിട്ടുപോരാൻ പ്രയാസം. ആരുവലിച്ചാലും നീളുമെങ്കിലും പിടിവിട്ടാൽ അതേസ്ഥാനത്ത് തന്നെതിരിച്ചെത്തും. മന്ത്രിയായും എം.എൽ.എയായും അരനൂറ്റാണ്ടുകാലം കെ.എം.മാണിക്കൊപ്പം ചേർന്നുനിന്ന പാല,​ അദ്ദേഹത്തിന്റെ കാലശേഷം കേരള കോൺഗ്രസിനെ തുണച്ചില്ല.

ഇക്കുറി മൂന്ന് മുൻ എം.എൽ.എമാരുടെ മക്കളാണ് മത്സരിക്കുന്നത്. സിറ്റിംഗ് എം.എൽ.എ മാണി സി.കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമ്പോൾ,​ അഭിമാന പോരാട്ടത്തിലാണ് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മണ്ഡലം പിടിക്കാനുറച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കൂടി കളത്തിലിറങ്ങിയതോടെ പാലാപ്പോരാട്ടം പ്രവചനാതീതം.


2019ൽ കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജോസ് ടോമിനെ പരാജയപ്പെടുത്തി മാണി സി.കാപ്പൻ ചരിത്രവിജയം നേടി. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലെത്തിയതിനെത്തുടർന്ന് മുന്നണി വിട്ട മാണി സി.കാപ്പൻ, സാക്ഷാൽ ജോസ് കെ.മാണിയെ 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തറപറ്റിച്ചത്.

അന്ന് സംസ്ഥാനം മുഴുവൻ ആഞ്ഞടിഞ്ഞ ഇടതുതരംഗത്തിലും പാലായിൽ കാപ്പന്റെ ആധികാരിക വിജയത്തോടെ ജോസ് കെ.മാണിക്ക് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകാനായില്ല. പിന്നീട് രാജ്യസഭിലേയ്ക്കുപോയ ജോസ് ഇക്കുറി വീണ്ടും പാലായിൽ മത്സരിക്കുന്നത് അന്നത്തെ നാണക്കേടിന് പകരംവീട്ടാനാണ്.


ഏഴു വർഷമായി എം.എൽ.എയായ മാണി സി.കാപ്പനും രാജ്യസഭാംഗമായ ജോസ് കെ.മാണിയും പാലായ്ക്ക് എന്തുനൽകി എന്നതാണ് മണ്ഡലത്തിലെ പ്രധാന ചർച്ച. വികസന പദ്ധതികളില്ലെന്ന് എൽ.ഡി.എഫ് ആരോപിക്കുമ്പോൾ വികസനത്തിന് ജോസ് കെ.മാണിയും കൂട്ടരും തടസം നിൽക്കുകയാണെന്ന മറുവാദമാണ് യു.എഡി.എഫ് ഉയർത്തുന്നത്. ഇരുവരും ജനങ്ങളെ പറ്റിക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം. രാജ്യസഭാംഗമായി ജോസ് കെ.മാണിയുടെ കാലാവധി ഇനിയുമുള്ളപ്പോൾ നിയമസഭയിലേയ്ക്ക് മത്സരിക്കുന്നതിന്റെ സാംഗത്യവും എതിരാളികൾ ചോദ്യം ചെയ്യുന്നു. കാമ്പെയിൻ കൊഴുപ്പിക്കാൻ മുഖ്യമന്ത്രി ഇന്ന് പാലായിലെത്തും. പ്രധാനമന്ത്രിയെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് എൻ.ഡി.എ.

 തലവര നിശ്ചയിക്കുക ഷോൺ

2016ൽ 25,000 വോട്ട് നേടിയതാണ് പാലായിലെ ബി.ജെ.പിയുടെ ഉയർന്ന സ്കോർ. എന്നാൽ കഴിഞ്ഞതവണ ഇത് പതിനായിരത്തിലേയ്ക്ക് കൂപ്പുകുത്തിയത് കാപ്പന് ഗുണമായി. ഷോണിന്റെ വരവ് കാപ്പനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ ജോസിന്റെ വോട്ടിലും ഷോൺ വിള്ളൽ വീഴ്ത്തില്ലെന്ന് ഉറപ്പിക്കാൻ പറ്റുന്നില്ല. എൻ.ഡി.എയുടെ വോട്ടുകളും ഷോണിന്റെ വ്യക്തിബന്ധവും തുണയ്ക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ഷോൺ പിടിക്കുന്ന വോട്ടുകളാണ് പാലായുടെ തലവര നിശ്ചയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA