
വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പരിമിതികൾ വെളിച്ചത്താക്കിയെന്ന ചർച്ചകൾ നിഷേധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പരിമിതിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനും അമേരിക്കയും കഴിഞ്ഞദിവസം സമാധാനക്കരാറിൽ ഒപ്പിട്ടതിന് പിന്നാലെ ഒരു അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം.
'നമ്മളവരെ സൈനികപരമായി പൂർണമായും പരാജയപ്പെടുത്തി. ധാരണാപത്രം ഒരുപക്ഷേ ഇറാന്റെ നിരുപാധികമായുള്ള കീഴടങ്ങലാണ്. യുദ്ധം അമേരിക്കയുടെ സൈനിക ശക്തിയുടെ തെളിവാണ്. ഒരു കപ്പലിനും കടക്കാൻ കഴിയാത്ത ഒരു നാവിക ഉപരോധം ഞാൻ ഏർപ്പെടുത്തി. മറ്റാർക്ക് അങ്ങനെ ചെയ്യാൻ സാധിക്കും. ചിലർ ശ്രമിച്ചെങ്കിലും ഏറെനാൾ മുന്നോട്ടുപോയില്ല. യുദ്ധം തുടരുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമായിരുന്നു.
ഇനിയും രണ്ടോ മൂന്നോ ആഴ്‌ച അവിടെ ബോംബിടാമായിരുന്നു. എന്നാൽ അതിൽനിന്ന് നമുക്കെന്ത് ലഭിക്കും? ഹോർമുസ് കടലിടുക്ക് പിന്നെ തുറക്കില്ല. പിന്നെയും മാസങ്ങളോളം നമുക്ക് എണ്ണയുണ്ടാകില്ല. ഇത് ലോകം മുഴുവൻ പ്രതിസന്ധികൾക്ക് കാരണമായിത്തീരും'- ട്രംപ് വ്യക്തമാക്കി.
ലോകത്തെയാകെ ഊർജ്ജ പ്രതിസന്ധിയിലാക്കിയ ഇറാൻ - യുഎസ് യുദ്ധത്തിന് താത്കാലിക വിരാമമായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള 14 ഇന ഇടക്കാല സമാധാന കരാറിൽ യു.എസ് പ്രസിഡന്റ് ട്രംപും ഇറാനിയൻ പ്രസിഡന്റ് പെസഷ്കിയാനും ഒപ്പിട്ടു. പിന്നാലെ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി തുറന്നു. കടലിൽ വിതറിയ മൈനുകൾ നീക്കുന്നതോടെ ക്രൂഡോയിലുമായി കപ്പലുകളുടെ സഞ്ചാരം പൂർവസ്ഥിതിയിലാകും. ഇന്ത്യയ്ക്കും ഇത് വലിയ ആശ്വാസമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |