
കാഴ്ചയില്‍ ഒരു പല്ലിയെ ഓര്‍മിപ്പിക്കും നാലടി നീളവും അഞ്ച് കിലോ ഭാരവുമുണ്ട് കക്ഷിക്ക്. ജീവിയുടെ പേര് അര്‍ജന്റൈന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെഗു. ടെഗുവിന്റെ കടന്നുകയറ്റത്തോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ വന്യജീവി സംരക്ഷണ വിഭാഗം. മാത്രവുമല്ല ടെഗുവിനെ എവിടെ കണ്ടാലും വിവരം അറിയിക്കണം എന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കാഴചയില്‍ ഭയം തോന്നുന്ന ജീവി എന്നതിന് അപ്പുറമാണ് അര്‍ജന്റൈന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെഗു വിതയ്ക്കുന്ന നാശം എന്നതാണ് ഇവയെ കൂടുതല്‍ അപകടകാരികളാക്കുന്നത്.
സാധാരണ നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഉടുമ്പുമായി വലിയ സാദൃശ്യമുണ്ട് ടെഗുവിന്. ഈ വിഭാഗത്തില്‍പ്പെട്ട ഭീമന്‍ പല്ലികളാണിവ. മറ്റ് ജീവികളെ വംശനാശത്തിലേക്ക് നയിച്ച് ആവാസവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള ഇവയുടെ ശേഷിയാണ് വന്യജീവി സംരക്ഷണ വിഭാഗത്തെ ആശങ്കപ്പെടുത്തുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഇവ ഉണ്ടായിരുന്നത്. എന്നാല്‍ ഇവയെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയതോടെ പല മൃഗസ്‌നേഹികളും വിദേശത്തുനിന്നും ഇവയെ ഫ്‌ളോറിഡയിലും ജോര്‍ജിയയിലേക്കും എത്തിച്ചു.
ആവശ്യക്കാര്‍ കൂടിയതോടെ അപൂര്‍വ ഇനം ജീവികളെ വാങ്ങി വളര്‍ത്തുന്ന മാഫിയകളും സജീവമായി. എന്നാല്‍ വീട്ടില്‍ വളര്‍ത്താന്‍ കഴിയുമെങ്കിലും പെട്ടെന്ന് ഭാരം വയ്ക്കുകയും വളരുകയും ചെയ്യുന്നതിനാല്‍ ഇവയെ വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. കാലക്രമേണ ഇത് വലിയ അപകടം സൃഷ്ടിക്കുകയും ചെയ്തു. തന്റെ ചുറ്റുപാടിലായി കാണുന്ന ഏതൊരു ജീവിയുടേയും മുട്ടകള്‍ ഇവ അകത്താക്കും. ഇത് വംശനാശ ഭീഷണിയിലേക്ക് എത്തിക്കുന്നു.
അമേരിക്കയിലെ ജോര്‍ജിയയില്‍ സംരക്ഷിത ജീവി വിഭാഗത്തിലുള്ള ഗോഫര്‍ ആമകള്‍, കാട്ടുകോഴികള്‍, മുതലകള്‍ എന്നിവയുടെ മുട്ടകള്‍ വരെ ടെഗു അകത്താക്കും. അതിവേഗം പെറ്റുപെരുകുന്ന ഇവയെ മറ്റ് ജീവികള്‍ അങ്ങനെ വേട്ടയാടുന്നില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. മനുഷ്യനെ ആക്രമിക്കുന്ന സ്വഭാവം അര്‍ജന്റൈന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെഗുവിന് ഇല്ലെങ്കിലും ഇവ കൃഷിയിടങ്ങളില്‍ ബാക്ടീരിയ ഭീഷണി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |