SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.54 PM IST

ആവിക്കൽതോട് മലിനജല സംസ്കരണ പ്ലാന്റ് തീരദേശ ഹർത്താലിൽ സംഘർഷം; ലാത്തിചാർജ്ജിലും കല്ലേറിലും 27 പേർക്ക് പരിക്ക്

aavikkalthod-issue

കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്കരണ പ്ലാന്റിനെതിരെ ജനകീയ സമര സമിതി നടത്തിയ തീരദേശ ഹർത്താലിൽ സംഘർഷം. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിചാർജ്ജിലും കല്ലേറിലും സ്ത്രീകളടക്കം 27 പേർക്ക് പരിക്ക്. 8 പൊലീസുകാർക്കും 2 മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. കണ്ടാലറിയുന്ന 250 പേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു.

മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ. സംഘർഷം മുന്നിൽകണ്ട് പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. രാവിലെ മുതൽ സമരസമിതിയുടെ നേതൃത്വത്തിൽ പലതവണ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സംഘടിച്ചെത്തിയ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് ലാത്തി വീശിയതോടെ ചിതറി ഓടിയ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിചാർജിൽ പരിക്കേറ്റ പുതിയകടവ് സൈനാസിൽ റജീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്ര മാദ്ധ്യമ പ്രവർത്തകരായ മീഡിയാവൺ കാമറാമാൻ സനോജ് കുമാർ ബേപ്പൂർ, ഡ്രൈവർ കെ.കെ.ഷാഫി, പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സി.പി.രമീഷ്, എം.എസ്.പിയിലെ മിഥിൻദാസ്, മുഹമ്മദ് സാലിഹ്, സമരസമിതി പ്രവർത്തകരായ തക്ബീർ ഹൗസിൽ ഹംസ (40), പുതിയകടവ് സ്വദേശികളായ കോയ മോൻ (42), കോയ മോൻ (55), എന്നിവർ ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സ തേടി. അതേസമയം പുറമെ നിന്ന് എത്തിയവരാണ് പ്രകടനത്തിൽ കയറിക്കൂടി കല്ലെറിഞ്ഞതെന്ന് സമര സമിതി ഭാരവാഹികൾ പറഞ്ഞു. എം.കെ.രാഘവൻ എം.പി, മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAVIKKALTHOD ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA