തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തി സംസ്ഥാന ഗതാഗതവകുപ്പ്. ലേണേഴ്സ് ടെസ്റ്റ് വിജയിച്ച് 30 ദിവസം പൂർത്തിയായ ശേഷമായിരിക്കും ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക. ഡിസംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് പ്രതികരിക്കാനുമുള്ള ഡ്രൈവറുടെ കഴിവാണ് പുതിയ പരീക്ഷയിലൂടെ പരിശോധിക്കുന്നത്.
നിലവിൽ ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും പുറമെയാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കൂ. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉത്തരവ് പുറത്തിറക്കി. റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷ ഏർപ്പെടുത്താനുള്ള തീരുമാനം. തൃശൂരിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലവും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
വീഡിയോ ഗെയിം മാതൃകയിലാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക. പരീക്ഷയിൽ പത്ത് വീഡിയോകളുണ്ടാകും. വീഡിയോ മുന്നോട്ടുപോകുന്നതിനിടെ വിവിധ ഘട്ടങ്ങളിൽ അപകടസാധ്യതയുള്ള സാഹചര്യങ്ങൾ പ്രത്യക്ഷപ്പെടും. ഇത്തരം സാഹചര്യങ്ങൾ ഉദ്യോഗാർത്ഥി എത്ര വേഗത്തിൽ തിരിച്ചറിയുന്നുവെന്നും എങ്ങനെ പ്രതികരിക്കുന്നുവെന്നുമാണ് പരിശോധിക്കുക.
പത്ത് വീഡിയോകൾ ഉൾപ്പെടുന്ന പരീക്ഷയ്ക്ക് ആകെ 100 മാർക്കാണ്. കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്കാണ് പരീക്ഷയിൽ വിജയിക്കാനാകുക. ലേണേഴ്സ് ടെസ്റ്റിന് ശേഷം 30 ദിവസം കഴിഞ്ഞായിരിക്കും പുതിയ പരീക്ഷയ്ക്ക് അവസരം ലഭിക്കുക. ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവ വിജയിച്ചാൽ മാത്രമേ ഇനി ഡ്രൈവിംഗ് ലൈസൻസിന് അർഹതയുണ്ടാകൂ.
Kerala’s Transport Department has introduced a new Hazard Perception Test for driving licence applicants, in addition to the Learner’s and Road Tests. The test will be conducted 30 days after passing the Learner’s Test and will assess a candidate’s ability to identify and respond to potential road hazards.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |