SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.20 AM IST

അജിത് കുമാറിന്റെ വിശദീകരണം, രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ പങ്കില്ല, നടപടി മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും

ajith-kumar-

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിലെ എസ്.ഐ.ടി റിപ്പോർട്ടിന്മേൽ ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് വിശദീകരണം നൽകി എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. എസ്.ഐ.ടിയുടെ കണ്ടെത്തലുകളെല്ലാം നിഷേധിച്ച് ഇന്നലെ ദൂതൻ വഴി വിശദീകരണ കുറിപ്പ് ഡി.ജി.പിക്ക് എത്തിച്ചു നൽകി. കേസ് അട്ടിമറിയിൽ തനിക്ക് പങ്കില്ലെന്നും കേസ് ഡയറിയടക്കം തിരുത്താൻ ആരോടും നിർദ്ദേശിച്ചിട്ടില്ലെന്നുമടക്കം അജിത് വിശദീകരിച്ചതായാണ് സൂചന.

ആദ്യ അന്വേഷണ സംഘത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയപ്പോൾ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി താൻ വയനാട്ടിലായിരുന്നെന്നും വിശദീകരണ കുറിപ്പിലുണ്ടെന്ന് അറിയുന്നു. അജിത്തിന്റെ വിശദീകരണം കൂടി പരിശോധിച്ച് ഡി.ജി.പി നടപടി ശുപാർശ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുൻപ് റിപ്പോർട്ട് ലഭിക്കണമെന്ന് ഡി.ജി.പിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചിരുന്നു. ഡി.ജി.പിയുടെ ശുപാർശ സഹിതമുള്ള റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിക്കാനിടയുണ്ട്. അജിത്തിനെ സസ്പെൻഡ് ചെയ്യാനോ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയോ ക്രൈംബ്രാഞ്ചിന്റെയോ വിശദാന്വേഷണത്തിന് വിടാനോ സാദ്ധ്യതയുണ്ട്.

ഈ മാസം അവസാനം ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. നടപടിയുണ്ടായാൽ അജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കില്ല. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ക്രമസമധാനച്ചുമതലയുള്ള എ.ഡി.ജി.പിയായിരുന്ന എം.ആർ.അജിത് കുമാർ ശ്രമിച്ചെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA