SignIn
Kerala Kaumudi Online
Friday, 18 September 2026 8.31 AM IST

മുഖ്യമന്ത്രിയാകാൻ യോഗ്യൻ ഉമ്മൻചാണ്ടി തന്നെ; സുധാകരനെ തള്ളി ഉണ്ണിത്താന്റെ മകൻ

amal

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറ നീക്കി പുറത്തുവരുന്നു. രമേശ് ചെന്നിത്തലയാണ് കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കെ.സുധാകരൻ എം.പി പരസ്യമായി പറഞ്ഞതിന് പിന്നാലെ ഉമ്മൻചാണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ രംഗത്ത്.

കെ.സുധാകരൻ രമേശ് ചെന്നിത്തലയെ പിന്തുണച്ച വാർത്ത ഷെയർ ചെയ്‌ത ശേഷം തനിക്ക് അന്നും ഇന്നും ഇഷ്‌ടം ഉമ്മൻചാണ്ടിയോട് തന്നെയാണെന്നാണ് അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തൊട്ടുപിന്നാലെ അമൽ ഉമ്മൻചാണ്ടിയുടെ ചിത്രം സഹിതം മറ്റൊരു പോസ്റ്റ് കൂടി ഫേസ്‌ബുക്കിലിട്ടു. ഈ കൊറോണ വൈറസ് കാലഘട്ടത്തിൽ ഓരോ മലയാളികളും ഉമ്മൻചാണ്ടിയെപ്പോലൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു അമലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഇതിനുമുമ്പും രാഷ്ട്രീയമായ പല വിവാദ പോസ്റ്റുകൾ അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കുന്ന വിഷയത്തിലാണ് എം.പിയുടെ മകൻ പുതിയ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ യു.ഡി.എഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കെ.സുധാകരൻ എം.പി പറഞ്ഞിരുന്നു. എൽ.ഡി.എഫിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുകൊണ്ടു വന്നത് ചെന്നിത്തലയാണെന്നും സുധാകരൻ പറഞ്ഞു. ഒരു സ്വകാര്യ ചാനൽ നടത്തിയ സർവെയെ വിമർശിച്ച് സംസാരിച്ചപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം.

ചാനൽ സർവെയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഉമ്മൻചാണ്ടിയെ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം ചെന്നിത്തലയും മുല്ലപ്പള്ളിയും ആയിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മൻചാണ്ടിയെ ആളുകൾ സർവെയിൽ പിന്തുണച്ചതെന്നായിരുന്നു സുധാകരന്റെ വാദം. ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ചാനൽ സർവെ നടത്തിയതെന്നും സി.പി.എമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവെയാണ് ഇതെന്നുമായിരുന്നു സുധാകരൻ വാദിച്ചത്.

കഴിഞ്ഞ അഴ്ചയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് വലിയതോതിൽ ചർച്ച നടന്നിരുന്നു. കെ.സി വേണുഗോപാൽ തുടക്കമിട്ട ചർച്ചയുടെ ചുവടുപിടിച്ച് ഉമ്മൻചാണ്ടിയും ബെന്നിബഹനാനും അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കുമ്പോൾ പോലും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്നായിരുന്നു നേതാക്കളുടെ മറുപടി. അതേസമയം കെ.സുധാകരനും ഉണ്ണിത്താന്റെ മകനും ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും വേണ്ടി പരസ്യമായി രംഗത്തു വന്ന സ്ഥിതിക്ക് വരും ദിവസങ്ങളിൽ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങി മറിയുമെന്ന് ഉറപ്പായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJMOHAN UNNITHAN, G SUDHAKARAN, OOMANCHANDY, CHENNITHALA, UDF, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA