
കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രജിസ്റ്റർ ചെയ്ത കേസ് ആയുധമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിമുറുക്കും. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കും എം.ഡി ആന്റോ അഗസ്റ്റിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) കേസ് എടുക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി എസ്.ഐ.ടി അന്വേഷിക്കുന്ന കേസിന്റെ എഫ്.ഐ.ആർ വിശദാംശങ്ങളും കഴിഞ്ഞദിവസം അഞ്ചിടങ്ങളിൽ ഒരേസമയം നടന്ന റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളും ഇ.ഡി ശേഖരിച്ചു.
പൊലീസോ മറ്റ് ഏജൻസികളോ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ തുടർച്ചയായി മാത്രമേ പി.എം.എൽ.എ പ്രകാരം ഇ.ഡിക്ക് നടപടി സ്വീകരിക്കാൻ സാധിക്കൂ. എസ്.ഐ.ടി കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനൽ ഗൂഢലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് (ഫെമ) ഇ.ഡി നേരത്തെ കേസ് എടുത്തിരുന്നു.
വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട നിർണായക കരാർ രേഖകളും മറ്റു സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ വഴി ഈ പണം വിദേശത്തേക്കയച്ചതിന്റെ രേഖകൾ ലഭിച്ചു. എന്നാൽ, വഞ്ചനക്കുറ്റം കൂടി നിലനിൽക്കുന്നതിനാൽ പി.എം.എൽ.എ പ്രകാരം കൂടുതൽ ശക്തമായ അന്വേഷണം നടത്താൻ ഇ.ഡിക്ക് സാധിക്കും. ഇ.ഡി ഇന്റലിജൻസിന്റെ വിശദമായ പരിശോധനയ്‌ക്ക് ശേഷം അടുത്ത ദിവസം കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യും.
മെസിയുടെ സന്ദർശനം വിവാദമായപ്പോൾ തന്നെ ഇ.ഡി. പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. മെസിയുടെ സന്ദർശനത്തിന്റെ പേരിൽ വൻ സാമ്പത്തിക ഇടപാട് നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇ.ഡി കേസെടുത്തത്.
അബ്ദുറഹിമാന്റെ മൊഴിയെടുക്കും
മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി അബ്ദുറഹിമാനിൽ നിന്ന് മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് സ്പോൺസറും റിപ്പോർട്ടർ ചാനൽ ഉടമയുമായ ആന്റോ അഗസ്റ്റിന്റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയുടെ തുടർ നടപടിയായിട്ടാണിത്.
അതിനിടെ, ജി.എസ്.ടി സംഘം കണ്ടെത്തിയ വൻ സാമ്പത്തിക തട്ടിപ്പിൽ എന്ത് അന്വേഷണം നടത്തണമെന്നതിൽ സർക്കാർ ആലോചിച്ചു വരികയാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |