
കാലടി: കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ തോമസിനെ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും പ്രതീകാത്മക ശവസംസ്കാരം നടത്തുകയും ചെയ്ത സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകരെ കാലടി പൊലീസ് അറസ്റ്റുചെയ്തു.
സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാറിന്റെ മൊഴിപ്രകാരമെടുത്ത കേസിൽ സംഘം ചേരൽ, കലാപശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിൽ 78 പേർക്കെതിരെ കേസുണ്ട്. ദേഹോപദ്രവത്തിനും പ്രതീകാത്മക ശവസംസ്കാരത്തിനും വകുപ്പ് ചേർത്തിട്ടില്ല
ബേസിൽ സ്കറിയ, വിജിസ് ജോയ് (സംസ്കൃത സർവകലാശാല), പെരുമ്പാവൂർ ചേലാമറ്റം സ്വദേശി മെബിൻ ജോസ് (തുരുത്തിപ്ളി സെന്റ് മേരീസ് കോളേജ് ), യദുകൃഷ്ണ വിനീഷ് (കാലടി ശ്രീശങ്കര കോളേജ് ) എന്നിവരെ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. കോടതിയിൽ ഇന്ന് ഹാജരാക്കും.
അഭിജിത്ത്, അർച്ചന, ശ്യാംജിത്ത്, ഫസീന, റിതുഷാ, അശ്വന്ത്, എൽവിൻ, നിർമ്മൽ, തേജസ്, ശ്രദ്ധ എന്നീ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കാലടിയിൽ സി.പി.എം സമരം നടത്തും.
ഡോ.സിസാ തോമസ്
പരാതി നൽകി
തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ കൈയ്യേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ഔദ്യോഗികകൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സംസ്‌കൃത സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവ്വകലാശാല വി.സി ഡോ. സിസാ തോമസ് പരാതി നൽകി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
എന്നിവർക്കാണ് പരാതി നൽകിയത്.ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും ഒപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയും പേഴ്‌സണൽ സ്റ്റാഫിനെയും ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ആക്രമണ വിവരങ്ങൾ കഴിഞ്ഞ ദിവസം ഗവർണറെ ധരിപ്പിച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ പൊലീസ് സ്വീകരിച്ചില്ലെന്നാണ് ഗവർണറെ അറിയിച്ചത്. ഇതിനുശേഷമാണ് ഇന്നലെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |