
പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. ഒലവക്കോട് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയോടെയാണ് മൂന്നംഗ സംഘം പിടിയിലായത്.കോട്ടയംസ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം സ്വദേശി മുഹമ്മദ് അസുറുദീൻ(30), കർണാടക സ്വദേശി ബി.ഫാത്തിമ (27) എന്നിവരാണ് പിടിയിലായത്. ഒരു കിലോഗ്രാമോളം എം.ഡി.എം.എയും, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി വന്നിറങ്ങിയ ആളിൽ നിന്നാണ് പ്രധാന ലഹരിക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ലഹരിസംഘത്തിന് പണം നൽകുന്ന വ്യക്തിയെ ഞായറാഴ്ച രാത്രിയോടെ ഡാൻസാഫ് ടീം പിടികൂടിയിരുന്നു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്ന് തന്നെ സംഘത്തെ പൊലീസ് പിന്തുടർന്നിരുന്നു. ഇതറിഞ്ഞ സംഘം റൂട്ട് മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒലവക്കോട് ജംഗ്ഷനിൽ വെച്ച് പൊലീസ് വാഹനം കുറുകെയിട്ട് കീഴ്പ്പെടുത്തുകയായിരുന്നു.പുലർച്ചെ 2 മണിക്ക് ആരംഭിച്ച പരിശോധനക്കൊടുവിൽ പുലർച്ചെ 5 മണിയോടെ കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.പിടിയിലായവർ കണ്ണികൾ മാത്രമാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |