SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.27 AM IST

സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാ രവിവർമ്മ പുരസ്‌കാരം

aa

തിരുവനന്തപുരം:ദൃശ്യകലാരംഗത്ത് സംസ്ഥാന സർക്കാരിന്റെ പരമോന്നതബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരത്തിന് ചിത്രകാരൻ
സി.ഡഗ്ലസും(2023) ശില്പി എൻ.എൻ.റിംസണും(2024) അർഹരായി. മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായികുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. 1951ൽ തലശ്ശേരിയിൽ ജനിച്ച ഡഗ്ലസ് മദ്രാസ് കലാപ്രസ്ഥാനത്തിലെ പ്രമുഖനാണ്. മദ്രാസ് ഗവ.കോളേജ് ഒഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ പഠിച്ചു. ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിൽ പ്രവർത്തിച്ചു. ചുരുട്ടിയ കടലാസിൽ ചോക്കും കരിയും ക്രയോണും ഉപയോഗിച്ച് മനുഷ്യദൗർബല്യങ്ങൾ അർദ്ധഅമൂർത്തശൈലിയിൽ ആവിഷ്‌കരിക്കുന്ന ഡഗ്ലസിന് 1992ൽ ലളിതകലാ അക്കാഡമിയുടെ ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1957ൽ എറണാകുളം കാക്കൂരിൽ ജനിച്ച റിംസൺ, ഇന്ത്യൻ ശില്പപാരമ്പര്യത്തിൽനിന്നും 'വീട്' എന്ന സങ്കല്പത്തിൽനിന്നും ഊർജം ഉൾക്കൊണ്ട് ലോഹം, ഫൈബർഗ്ലാസ്, കല്ല് എന്നിവയിൽ ആശയപ്രധാനശില്പങ്ങൾ ഒരുക്കാറുണ്ട്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്, ബറോഡ എം.എസ്. സർവകലാശാല, ലണ്ടനിലെ റോയൽ കോളേജ് ഒഫ് ആർട്ട് എന്നിവിടങ്ങളിൽ പഠിച്ചു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ദീർഘകാലം ശില്പകലാഅദ്ധ്യാപകനായിരുന്നു. 2011മുതൽ 2014 വരെ പ്രിൻസിപ്പലുമായി. മന്ത്രി പി.സി.വിഷ്ണുനാഥാണ് രണ്ടുവർഷത്തെ അവാർഡുകൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ലളിതകലാഅക്കാഡമി ചെയർമാൻ പ്രൊഫ.എസ്.പ്രകാശ് മൂർത്തി, സെക്രട്ടറി വൈക്കം എം.കെ.ഷിബു എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA