
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ അരിയുടെ ഗുണമേന്മ കുറയുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ എഫ്.സി.ഐ- എൻ.എഫ്.എസ്.എ ഗോഡൗണുകൾ, റേഷൻ കടകൾ എന്നിവിടങ്ങളിൽ കേന്ദ്ര സംഘത്തിന്റെ മിന്നൽ പരിശോധന. കേന്ദ്ര ഭക്ഷ്യവകുപ്പ്, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ എന്നിവയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന സംഘത്തിലുള്ളത്. വരുംദിവസങ്ങളിലും പരിശോധന തുടരും.
നിശ്ചിത കാലാവധിക്കുള്ളിൽ അരി വിതരണം ചെയ്യുന്നുണ്ടോ, ഭക്ഷ്യയോഗ്യമാണോ തുടങ്ങിയ കാര്യങ്ങളടക്കമാണ് പരിശോധിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും സാമ്പിൾ ശേഖരിച്ച് ലാബിൽ പരിശോധിക്കും. ഗുണമേന്മയിൽ പരാജയപ്പെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. മൂവാറ്റുപുഴ വാഴക്കുളത്ത് പുഴുവരിച്ച അരി റേഷൻകടകളിൽ വിതരണത്തിനെത്തുകയും പരാതിയെ തുടർന്ന് തിരിച്ചെടുക്കുകയും ചെയ്തത് കഴിഞ്ഞ മാസമാണ്. കോട്ടയത്ത് വിതരണം ചെയ്ത അരിയിൽ പൊടിമണൽ കലർത്തിയതായും കണ്ടെത്തിയിരുന്നു.
റേഷനരി കൂടുതൽ കാലം കെട്ടികിടന്നാലും പുഴുവരിക്കാതിരിക്കാനായി കീടനാശിനി പ്രയോഗം നടത്താറുണ്ടെന്ന് നേരത്തെ ഭക്ഷ്യവകുപ്പിന് വിവരം ലഭിച്ചിരുന്നു. സ്വകാര്യമില്ലുകളിൽ നിന്നും ഗുണമേന്മ കുറഞ്ഞ അരി ഗോഡൗണുകളിൽ എത്തിച്ച്, അവിടെ നിന്ന് ഗുണമേന്മയുള്ള അരി കടത്തികൊണ്ടു പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റേഷൻ കടകളിൽ വിതരണം ചെയ്യുന്നത് എഫ്.സി.ഐ മുഖേനയുള്ള അരിയാണോ എന്ന് വിദഗ്ദ്ധ പരിശോധനയിൽ തിരിച്ചറിയിനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |