
കൊച്ചി: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി. സത്യം മൂടിവയ്ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല. മങ്ങാട്ടച്ചൻ-കുഞ്ഞായിൻ മുസല്യാർ കഥ ഉദ്ധരിച്ചായിരുന്നു സർക്കാരിനും പി.എസ്.സിക്കുമെതിരെ ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരിഹാസം കലർന്ന വിമർശനം. എന്ത് കളി കളിച്ചാലും കോടതിക്ക് മനസിലാകും.
ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന പി.എസ്.സിയുടെ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ഹർജി നംവബർ രണ്ടിലേക്ക് മാറ്റി. സർക്കാരും പി.എസ്.സിയും ഭായ് ഭായ് കളിക്കരുതെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ പി.എസ്.സി നടപടി തുടങ്ങിയെന്നും രണ്ടു പേരെ പുറത്താക്കിയെന്നും സർക്കാർ അറിയിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി ബോധിപ്പിച്ചു.
മമ്മൂട്ടി അഭിനയിച്ച സി.ബി.ഐ ഡയറിക്കുറിപ്പിലെ ചില കഥാപാത്രങ്ങളുടെ മൊഴി പോലെയാണ് ഈ കേസിലെ കാര്യങ്ങളെന്ന് കോടതി പരാമർശിച്ചു. ചിലർക്ക് കുറച്ചു കാര്യങ്ങളും വേറെ ചിലർക്ക് മറ്റു ചില കാര്യങ്ങളുമറിയാം. ഒന്നിലും വ്യക്തതയില്ല. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പി.എസ്.സി നൽകിയ ഹർജിയെ മറയാക്കി അന്വേഷണം സ്തംഭിപ്പിക്കുയോ ഉഴപ്പുകയോയാണെന്നും കഴിഞ്ഞ തവണ കോടതി വിമർശിച്ചിരുന്നു.
മങ്ങാട്ടച്ചൻ - മുസല്യാർ
സൂത്രക്കാരനും തമാശക്കാരനുമായ കുഞ്ഞായിൻ മുസല്യാരും മങ്ങാട്ടച്ചനും അടുത്ത സുഹൃത്തുക്കളായിരുന്നു. കുഞ്ഞായിൻ പതിവായി ഭക്ഷണം കഴിച്ചിരുന്നത് മങ്ങാട്ടച്ചന്റെ വീട്ടിൽ നിന്ന്. കുഞ്ഞായിനെ പറ്റിക്കാൻ മങ്ങാട്ടച്ചനും ഭാര്യയും പദ്ധതി തയ്യാറാക്കി. കുഞ്ഞായിൻ എത്തിയപ്പോൾ,'നീ ഇതു വരെ ചോറു വച്ചില്ലേ'യെന്നു ചോദിച്ച് മങ്ങാട്ടച്ചൻ ഭാര്യയെ തല്ലി. ഭാര്യ അരി പാറ്റാനെടുത്തപ്പോൾ,ഇപ്പോഴാണോ ഇതൊക്കെ ചെയ്യുന്നതെന്നു ചോദിച്ച് വീണ്ടും തല്ലി. ബഹളം കണ്ട് കുഞ്ഞായിൻ പോയെന്ന് ഇരുവരും കരുതി. നോവാതെ ഞാൻ അടിച്ചില്ലേയെന്നു മങ്ങാട്ടച്ചനും അരി ചിന്താതെ ഞാൻ പാറ്റിയില്ലേയെന്നു ഭാര്യയും പരസ്പരം പറഞ്ഞു ചിരിച്ചു. പോകാതെ ഞാൻ നിന്നത് നിങ്ങൾ അറിഞ്ഞില്ലേ എന്ന് വെളിയിൽ നിന്ന് കുഞ്ഞായിൻ. ഈ കഥ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരിഹാസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |