
കോഴിക്കോട്: കർണാടക ബിഡദിക്ക് സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ് അമിത വേഗത്തിലായിരുന്നു ഏറെ നേരം സഞ്ചരിച്ചതെന്ന് ദൃക്സാക്ഷികൾ. തൊട്ടുപിന്നാലെ വന്ന സ്വകാര്യ ബസിലെ ഡ്രൈവർ, കെ.എസ്.ആർ.ടി.സി ബസിന്റെ വേഗം കണ്ട് പലതവണ ഹോണടിച്ചെങ്കിലും നിറുത്താതെ പോയി. കണ്ണൂർ പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എസ്.കെ.എസ് ബസാണ് തൊട്ടുപിന്നാലെയുണ്ടായിരുന്നത്.
യാതൊരു സിഗ്നലും ഇല്ലാതെയാണ് ബസ് ഇടത്തോട്ടും വലത്തോട്ടും ട്രാക്ക് മാറിപ്പോയിക്കൊണ്ടിരുന്നത്. പന്തികേടു തോന്നിയതോടെ തങ്ങൾ ഹോൺ മുഴക്കിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി വേഗം കുറച്ചു. ഇതോടെ ഓവർടേക്ക് ചെയ്ത് മുന്നിലേക്ക് കയറി''. സ്വകാര്യബസിന്റെ ഡ്രൈവർ പറയുന്നു.
''എക്സ്പ്രസ് വേയിലെ മധൂർ മേൽപ്പാലത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ബസിനെ മറികടന്നത്. ഏകദേശം അഞ്ചേമുക്കാലോടെയായിരുന്നു ഇത്. സെന്റർ ട്രാക്കിലൂടെയാണ് എസ്.കെ.എസ് ബസ് പോയിരുന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെ ഈ ബസിൽ ഇടിച്ചു ഇടിച്ചില്ലായെന്ന മട്ടിലാണ് കെ.എസ്.ആർ.ടി.സി പോയത്. പിന്നീട് ഫാസ്റ്റ് ട്രാക്കിലൂടെ പോയ്‌ക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് ഇടതുഭാഗത്തെ ട്രാക്കിലേക്ക് കയറിവന്നു. യഥാർത്ഥത്തിൽ മധൂർ മേൽപ്പാലത്തിൽ നിന്നായിരുന്നു ബസ് ആദ്യം താഴേക്ക് വീഴേണ്ടിയിരുന്നത്. ഭാഗ്യം കൊണ്ട് അതുണ്ടായില്ല. അങ്ങനെയെങ്കിൽ ദുരന്തം ഇതിലും വലുതായേനെ.
'ബസ് മൂന്നു തവണ തലകീഴായി മറിഞ്ഞു'
''യാത്രക്കാരെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വലിയ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അപ്പോഴേക്കും ബസ് മൂന്നു തവണ തലകീഴായി മറിഞ്ഞു. ബസിൽ നിന്നും തെറിച്ചുവീണാണ് രക്ഷപ്പെട്ടത്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം ഒന്നരമണിക്കൂർ വൈകിയാണ് കൽപ്പറ്റയിലെത്തിയത്. രാവിലെ ബംഗളുരുവിലെത്തേണ്ട ബസായിരുന്നു. കാലപ്പഴക്കമേറിയ ബസാണ് ഇതെന്നാണ് മനസിലാക്കുന്നത്.''
ചെറിയ പരിക്കുമായി രക്ഷപ്പെട്ട യാത്രക്കാരൻ
വൈത്തിരി സ്വദേശി ഷാഫി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |