SignIn
Kerala Kaumudi Online
Friday, 12 June 2026 2.54 PM IST

കോഴിക്കോട് കെഎസ്‌ആർടിസി ബസ് ടെർമിനലിലെ സീലിംഗ് അടർന്നുവീണു; യാത്രക്കാർക്ക് പരിക്ക്

collapses

കോഴിക്കോട്: കെഎസ്ആർടിസി ബസ് ടെർമിനലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലെ സീലിംഗ് അടർന്നുവീണ് യാത്രക്കാർക്ക് പരിക്ക്. മാവൂർ റോഡിലെ പ്രധാന കെഎസ്ആർടിസി ടെർമിനലിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്.‌ ഇവിടെ ബസ് കാത്തിരുന്ന കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു(58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലയിലുണ്ടായ മുറിവുകൾ ഗുരുതരമല്ലെന്നാണ് വിവരം.

മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്‌സം സീലിംഗ് ഇളകിവീഴുകയായിരുന്നു. മാനന്തവാടി, തൊട്ടിൽപ്പാലം ബസുകളെത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമാണ് സീലിംഗ് അടർന്നുവീണത്. കാത്തിരിപ്പുകേന്ദ്രത്തിൽ അധികം യാത്രക്കാരില്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിംഗും അടർന്നുവീഴുമെന്ന സ്ഥിതിയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സീലിംഗും പൊട്ടിവീണിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സമാനമായ സ്ഥിതിതന്നെയാണ്.

2021ൽ മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കെഎസ്ആർടിസി ബസ്‌ ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, കെട്ടിടം പാട്ടത്തിനെടുത്തിരിക്കുന്ന അലിഫ് ബിൽഡേഴ്‌സും സ‌ർക്കാരും (കെടിടിഎഫ്‌സി) തമ്മിൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ നിയമതർക്കങ്ങൾ തുടരുന്നതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. നിത്യേന നിരവധി യാത്രക്കാരാണ് ഈ ദുരിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത്. ബലക്ഷയം ഉള്ളതിനാൽ ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലകൾ വാടകയ്‌ക്ക് കൊടുക്കാൻ സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COLLAPSE, INJURY, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA