SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

സിനിമകളിലെ ചോരക്കളിക്ക് തടയിടും , നിയമംമൂലം നിയന്ത്രിക്കാൻ സർക്കാർ

cinema

തിരുവനന്തപുരം: മനുഷ്യ ജീവനെ കത്തി കൊണ്ട് നിസാരമായി അരിഞ്ഞു തള്ളുന്ന നായകൻ. ചോരയിൽ കുളിച്ച് മാസ് ലുക്കിൽ നായകന്റെ നില്പ്. സ്ക്രീനിൽ ചോര തെറിക്കുമ്പോൾ ആഘോഷത്തോടെ കൈയടിക്കുന്ന ന്യൂജെൻ പ്രേക്ഷകർ. സിനിമകളിലെ അക്രമരംഗങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നു എന്ന വിലയിരുത്തലിൽ ഇത്തരം സീനുകൾ നിയമം മൂലം നിയന്ത്രിക്കാൻ സർക്കാർ ഒരുങ്ങുന്നു.

സിനിമകളുടെയും, ടെലിവിഷൻ, വെബ് സീരീസുകളുടേയും ഇത്തരം പ്രമേയങ്ങളും നിയന്ത്രിക്കും. ഇതുൾപ്പെടെയുള്ള സിനിമാനയം അടുത്ത മാസം നിലവിൽ വരും. ഇതിനു മുന്നോടിയായി സിനിമാ സംഘടനകളിലെ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർക്കും.

കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ സിനിമകൾക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സിനിമാ നയത്തിൽ വയലൻസ് നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചത്. ഇതിനൊപ്പം പൊലീസ് റിപ്പോർട്ടും പരിഗണിക്കും. അടുത്ത മാസം സർക്കാർ നടത്തുന്ന സിനിമാ കോൺക്ലേവിൽ സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന നിർദ്ദേശം നൽകും. കേന്ദ്ര സെൻസർ ബോർഡിന്റെ കൂടി സഹകരണത്തോടെയാകും നിയന്ത്രണം. അപകടകാരികളായ ഓൺലൈൻ ഗെയിമുകൾ തടയാനും നീക്കമുണ്ട്.

''വയലൻസ് വിറ്റ് പണം വാരുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങളുടെ വ്യാപ്തി അത് സൃഷ്ടിക്കുന്നവർ തിരിച്ചറിയുന്നില്ല

-ഷാജി എൻ.കരുൺ,

സംവിധായകൻ

സംസ്ഥാനത്തെ ലഹരി വിൽപ്പനക്കാരെ പിടികൂടാൻ പ്രത്യേക പദ്ധതി ഒരുക്കും. ലഹരി വരുന്നത് എവിടെ നിന്ന് കണ്ടെത്തി ആ വഴി അടയ്ക്കും. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. എല്ലാ ദിവസവും അവരുടെ സഹകരണത്തോടെയാകും അന്വേഷണം മുന്നോട്ടുകൊണ്ടു പോവുക.

- എ.ഡ‌ി.ജി.പി മനോജ് എബ്രാഹാം

'മയക്കു മരുന്ന് ഉപയോഗിക്കുന്നതു പോലും ഹീറോയിസമായാണ് കാണുന്നത്.

- വാണിദേവി,

മനഃശാസ്ത്ര വിദഗ്ദ്ധ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA