SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

ക്ലിഫ് ഹൗസ് ഒഴിഞ്ഞു, വാടക വീട്ടിൽ പിണറായി ; വീട് തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിൽ

pinarai
clip

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കാനിരിക്കെ,​ ക്ളിഫ് ഹൗസ് ഒഴിഞ്ഞ പിണറായി വിജയൻ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഇരുനില വാടക മന്ദിരത്തിലേക്ക് താമസം മാറി. ഇതോടെ പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന അഭ്യൂഹം ശക്തമായി. കന്റോൺമെന്റ് ഹൗസാണ് പ്രതിപക്ഷ നേതാവിനായുള്ള ഔദ്യോഗിക വസതി.

ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിനു പിന്നിലുള്ള നിംസ് മൈക്രോ ഹോസ്‌‌പിറ്റൽ വളപ്പിലാണ് ഇരുനില വാടക വീട്. നിംസ് മൈക്രോ ഹോസ്പിറ്റലിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വീട്ടു നമ്പർ യു-21786. വീടിന് മുകളിലും താഴെയുമായി 4500 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.

ഡൽഹിയിൽ പൊളിറ്ര് ബ്യൂറോ യോഗത്തിനുശേഷം ഇന്നലെ രാത്രി ഏഴരയോടെ തലസ്ഥാനത്ത് മടങ്ങിയെത്തിയ പിണറായി നേരെ വാടക വീട്ടിലേക്കാണ് പോയത്. ഒപ്പം ഭാര്യ കമല, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവരുമുണ്ടായിരുന്നു.

മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷീദ് എന്നിവർ പിണറായിയെ സ്വീകരിച്ചു. വീടിന്റെ സുരക്ഷയ്ക്ക് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുണ്ട്.

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ പിണറായിക്ക് താമസിക്കാൻ എ.കെ.ജി സെന്ററിന് സമീപത്തെ ചിന്ത പബ്ളിക്കേഷൻ മന്ദിരത്തിലെ രണ്ട് ഫ്ലാറ്റുകൾ സജ്ജീകരിച്ചിരുന്നു. എന്നാൽ,​ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാനായി വാടക വീട് തിരഞ്ഞെടുക്കുകയായിരുന്നു. ക്ലിഫ് ഹൗസിൽ നിന്നുള്ള വീട്ടു സാമഗ്രികൾ ഇന്നലെ രാവിലെ ഇവിടേക്ക് മാറ്റിയിരുന്നു.

വീട് കണ്ടെത്തിയത് മകൾ

കുറവൻകോണത്ത് ഉൾപ്പെടെ പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാൽ വേണ്ടെന്നു വച്ചു. മകൾ വീണയാണ് ഈ വീട് തിരഞ്ഞെടുത്തത്. പിണറായിക്ക് പ്രഭാത നടത്തത്തിനുള്ള സൗകര്യമടക്കം പരിഗണിച്ചാണിത്. പിണറായിയുടെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായ റോബിനെ ഇവിടെ കൊണ്ടുവന്നു.​ ക്ലിഫ് ഹൗസിലുണ്ടായിരുന്ന വെച്ചൂർ പശുവിനെയടക്കം ഇങ്ങോട്ടേക്ക് കൊണ്ടുവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA