
തിരുവനന്തപുരം: ജനങ്ങളോട് സൗമ്യമായും സ്നേഹത്തോടെയും പൊലീസ് ഇടപെടണമെന്നും പരാതിക്കാർക്ക് നീതികിട്ടുമെന്ന ബോദ്ധ്യമുണ്ടാക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി പേരൂർക്കട സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാലങ്ങളായി ജനങ്ങളിൽ ഭയമാണ് പൊലീസ് സൃഷ്ടിക്കുന്നത്. അത് മാറ്റി ജനങ്ങളുടെ സുഹൃത്തായും ഓടിയെത്തുന്ന ബന്ധുവായും മാറണം. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോടെല്ലാം സൗമ്യതയോടെ പെരുമാറണം. കുറ്റംചെയ്താൽ പൊലീസ് നിയമത്തിന് മുന്നിലെത്തിക്കുമെന്ന ഭയം കുറ്റവാളികളിലുണ്ടാക്കണം.
കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും സമീപനത്തിലും മാറ്റമുണ്ടാവണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻലേണിംഗ്, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയവ കുറ്റവാളികൾ ഉപയോഗിക്കുന്നുണ്ട്. അതിനനുസരിച്ച് പൊലീസിനെയും സജ്ജമാക്കണം.-മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പൊലീസിനെയും പരിഷ്കരിക്കുമെന്ന് അദ്ധ്യക്ഷനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രവർത്തനത്തിലും മാറ്റങ്ങളുണ്ടാവണം. വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ പോലെ ജനസേവന കേന്ദ്രങ്ങളാണ് സ്റ്റേഷനുകളും. തെറ്റ് ചെയ്യുന്നവരല്ലാതെ പൊലീസിനെ പേടിക്കേണ്ടതില്ല. സ്റ്റേഷൻ പരിസരങ്ങളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കും. വിറ്റുകിട്ടുന്ന പണം ട്രഷറിയിലടയ്ക്കും. ആക്രിക്കടകളെപ്പോലെ പഴകിത്തുരുമ്പിച്ച വാഹനങ്ങൾ ഇനി കാണാനാവില്ല. അറസ്റ്റിൽ സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിച്ചിരിക്കണം. കസ്റ്റഡി മർദ്ദനവും മരണങ്ങളും പാടില്ല. കേരളത്തിൽ വനിതാ എസ്.എച്ച്.ഒമാരുണ്ടോയെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചോദിച്ചിരുന്നു. നന്നായി പ്രവർത്തിക്കുന്നത് ഇത്തരം സ്റ്റേഷനുകളാണ്. ആ പ്രേരണയിൽ നിന്നാണ് ചരിത്രത്തിലാദ്യമായി 63സ്റ്റേഷനുകളിൽ വനിതകളെ എസ്.എച്ച്.ഒമാരാക്കിയത്. പൊലീസുകാരുടെ ജോലിഭാരം കുറയ്ക്കും. ഡി.ഐ.ജി വരെയുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനുകൾ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മന്ത്രി കെ.മുരളീധരൻ, മേയർ വി.വി രാജേഷ്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ് അലം, പൊലീസ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ, എ.ഡി.ജി.പി. പി വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണ, പേരൂർക്കട എസ്.എച്ച്.ഒ ടി.കെ വിനോദ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |