SignIn
Kerala Kaumudi Online
Monday, 14 September 2026 10.05 PM IST

സർക്കാർ ശരിയായ രീതിയിൽ ഇടപെട്ടു, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം ഉടൻ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION
pinarayi-vijayan

കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹമായ നഷ്‌ടപരിഹാരം ലഭിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഈ വലിയ ദുരന്തത്തിന്റെ ദുഃഖത്തിലാണ് സംസ്ഥാനത്തെ എല്ലാവരും. ദുരന്തം ഉണ്ടായതിന് പിന്നാലെ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കേരള സർക്കാരും ഉടൻ ക്രിയാത്മകമായി ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ മന്ത്രിസഭാ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. ഇതിനിടെ ശരിയല്ലാത്ത സമീപനം ഉണ്ടായി. ഇപ്പോൾ ആ വിവാദത്തിലേക്ക് പോകുന്നില്ല. ഇപ്പോൾ അത് ചർച്ച ചെയ്യേണ്ട സമയമല്ല. കുവൈറ്റിലേക്ക് മന്ത്രി വീണാ ജോർജിനെ അയക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മന്ത്രി വിമാനത്താവളത്തിൽ എത്തിയെങ്കിലും പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാൽ മടങ്ങി. ഇപ്പോൾ ഇതേക്കുറിച്ചല്ല പറയേണ്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ വേണ്ടി ഇടപെടുകയാണ് വേണ്ടത്.

പ്രവാസികൾ നാട്ടിലെത്തുന്നതിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും നികത്താനാവാത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ദുരന്തം ഉണ്ടായ ഉടനെ കുവൈറ്റ് ഫലപ്രദമായതും ശക്തവുമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈറ്റ് സർക്കാരിന്റെ തുടർനടപടികൾ കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ശരിയായ രീതിയിൽ ഇടപെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രി കുവൈറ്റിലെത്തി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാൻ കുവൈറ്റ് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കണം. ഫലപ്രദമായ ഇടപെടല്‍ കുവൈറ്റുമായി ബന്ധപ്പെട്ട് തുടര്‍ന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, KOCHI, KUWAIT FIRE, COMPENSATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA