
കോഴിക്കോട്: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചർച്ച ഇ.ഡിയിലേക്ക് വഴി മാറാതിരിക്കാൻ ജാഗ്രതയോടെ കേന്ദ്ര നേതൃത്വം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ പ്രകാരം തിരുത്തൽ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുള്ള പിണറായി വിരുദ്ധ ചേരിയുടെ ആവശ്യം. ഇന്ന് നടക്കുന്ന പൊതുചർച്ചകളാവും മാറ്റങ്ങളുടെ ദിശ നിർണയിക്കുക. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയരുന്നത് ഒഴിവാക്കാൻ ചർച്ച വഴി മാറ്റുമെന്ന് വ്യക്തമായതോടെയാണ്, ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടന പ്രസംഗത്തിൽ ഇ.ഡിക്കെതിരായ പരാമർശം ഒഴിവാക്കിയത്. പ്രസംഗം അടിസ്ഥാനമാക്കി പിണറായി പക്ഷം ഇ.ഡി വിഷയം ഉയർത്തിയാൽ തടയാനാവില്ല. സംഘടനാ തലത്തിൽ മാറ്റം വേണമെന്നതുൾപ്പെടെയുള്ള ആവശ്യം സജീവമായി ഉയർന്നുവരില്ല. എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് നടന്ന വാർത്താസമ്മേളനത്തിൽ, എം.എ.ബേബി ഇ.ഡി ആക്രമണത്തെക്കുറിച്ച് പറഞ്ഞതായി വ്യഖ്യാനിക്കാനാണ് ഗോവിന്ദൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇ.ഡിക്കെതിരെ ഒറ്റക്കെട്ടായി നിന്ന നേതാക്കളിൽ മിക്കവരും കോഴിക്കോട്ടെത്തിയതോടെ ഇ.ഡി പരാമർശം ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം.
പ്രമേയം കൊണ്ടുവരാൻ പിണറായി പക്ഷം
ഇ.ഡി നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം പിണറായി പക്ഷം നടത്തുന്നുണ്ട്. പൊതുചർച്ചയ്ക്ക് ശേഷമാണ് പ്രമേയമെങ്കിൽ പിണറായി വിരുദ്ധ ചേരി ഇതിനെ സ്വാഗതം ചെയ്യും. കേന്ദ്ര കമ്മിറ്റി കണ്ടെത്തി പ്രസിദ്ധീകരിച്ച രേഖയ്ക്കനുസരിച്ച് തിരുത്തൽ വേണമെന്നതാണ് അവരുടെ ആവശ്യം. പാർട്ടിയിലുടനീളം തിരുത്തൽ വരുത്തണം. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് പ്രതികരിച്ചതും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള തിരുത്തൽ വേണമെന്നാണ്. രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള പ്രവർത്തന പരിപാടിക്ക് രൂപം നൽകുകയാണ് ലക്ഷ്യമെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. ഇതേ നിലപാടാണ് മുൻ മന്ത്രി പി.രാജീവിനും. ശൈലീമാറ്റത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ഇതുകൊണ്ട് മാത്രം പാർട്ടിയുടെ ദൗർബല്യം പരിഹരിക്കാൻ കഴിയില്ലെന്ന് വിരുദ്ധ ചേരിയും വാദിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നത് ഒഴിവാക്കാൻ പിണറായി പക്ഷം ശ്രമിക്കുമ്പോൾ, തുറന്ന ചർച്ചകൾക്കും തെറ്റ് തിരുത്തലിനുമാണ് വിരുദ്ധ പക്ഷത്തിന്റെ നീക്കം.
പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടും
പ്രാദേശികതലത്തിലെ പാർട്ടിപ്രശ്നങ്ങൾ പരിഹരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുമെന്ന് സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ. തിരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ വീഴ്ച എങ്ങനെ പരിഹരിക്കണമെന്ന് വിപുലീകൃത സംസ്ഥാനസമിതി ചർച്ച ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന പരാതികൾ ജില്ലാ കമ്മിറ്റികൾക്ക് നൽകുകയായിരുന്നു പതിവ്. അത് ഫലപ്രദമായി നടക്കുന്നില്ലെന്ന് കണ്ടെത്തിയെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്താനുള്ള ഉൾപ്പാർട്ടിച്ചർച്ച ഭരണഘടനയിൽ അനുവദിച്ചിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെ വേണമെന്ന് ചർച്ച ചെയ്യും. അംഗങ്ങളുടെ നിലവാരം ഉയർത്തണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നേതാക്കളുടെ പ്രവർത്തന ശൈലിയിൽ ഉൾപ്പെടെ മാറ്റമുണ്ടാകും. 3 മാസത്തിലൊരിക്കൽ തെറ്റുതിരുത്തൽ പാർട്ടി പരിശോധിക്കും. ബി.ജെ.പി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള ശ്രമം നടത്തുകയാണ്. മൂന്ന് സീറ്റുകൾ ലഭിച്ചതിനെ പാർട്ടി ഗൗരവത്തോടെ കാണുന്നു. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ എതിർക്കും. ഭരണത്തിൽ പങ്കാളിത്തമുണ്ട് എന്നതുകൊണ്ട് വർഗീയ ശക്തികളോട് ചേരാൻ മുസ്ലിംലീഗിന് മടിയില്ല. ന്യൂനപക്ഷത്തിന്റെ പേര് പറയുകയും സംഘപരിവാറുമായി ഐക്യപ്പെടുകയും ചെയ്യുന്നു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതുപക്ഷ ശക്തികൾക്ക് മേൽക്കൈ ഉണ്ടാക്കാനുള്ള ശ്രമം കേരളത്തിൽ നടക്കുന്നു. ഇതിനെ മറികടക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇനി നടക്കുക. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്ന് പൊതുചർച്ച നടക്കും. ഒരു ജില്ലയ്ക്ക് 30 മിനിട്ട് വീതം 8 മണിക്കൂറാണ് നീക്കിവച്ചിട്ടുള്ളത്. ഇന്ന് രാത്രി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. നാളെ രാവിലെ സംസ്ഥാന സമിതിയും തുടർന്ന് വിപുലീകൃത സംസ്ഥാന സമിതിയും യോഗം ചേർന്ന് റിപ്പോർട്ട് അന്തിമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |