SignIn
Kerala Kaumudi Online
Monday, 03 August 2026 1.52 PM IST

'ഞാൻ ഭക്ഷണം കഴിച്ചതാണോ തെറ്റ്? സൽക്കാരത്തിനല്ല പോയത്, ഹെലികോപ്ടർ എടുത്ത് പാർട്ടി സമ്മേളനത്തിന് പോയില്ല'

READ ENGLISH VERSION
-vd-satheesan
മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പത്തനംതിട്ട ജില്ലയിലെ കുറച്ച് പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിപ്പോകാനുണ്ടെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ കാര്യങ്ങൾ നിയന്ത്രണവിധേയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിയന്തര യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നടക്കുന്നത് വ്യാജ പ്രചരണം

'316 ക്യാമ്പുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ദുരന്തനിവാരണ സെക്രട്ടറി യോഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നു. മഴക്കെടുതിയിൽ ഇതുവരെ 15 പേരാണ് മരിച്ചത്. മരിച്ചവരുടെ സംസ്കാര ചടങ്ങിനായി 10,000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയ കുടുംബത്തിന് 10,000 രൂപ നൽകും. മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപയും നൽകാൻ തീരുമാനമായി. വീട് നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങി വീട് വയ്ക്കാൻ 12 ലക്ഷം രൂപ നൽകും. കൃഷി നാശം സംഭവിച്ചവരുടെ നഷ്ടപരിഹാരം ഉയർത്താനുള്ള യോഗം ചേരും.

എല്ലാ ഡാമുകളും തുറന്നുവിടുന്നുവെന്ന വാർത്തകൾ വ്യാജമാണ്. സംഭവിച്ചത് മിന്നൽ പ്രളയമാണ്. രാത്രി വരെ അവിടെ മുന്നറിയിപ്പുകൾ ഇല്ലായിരുന്നു. പെട്ടെന്നാണ് അതിതീവ്ര മഴ പെയ്തത്. 30-ാം തീയതിയും ഒന്നാം തീയതിയും യോഗങ്ങൾ ചേർന്നിരുന്നു. ക്യാമ്പുകളെല്ലാം റെഡിയായിരുന്നു. പക്ഷേ എവിടെയാണ് പെട്ടെന്ന് മഴ പെയ്തതെന്ന് അറിയാൻ കഴിഞ്ഞില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കിട്ടിയപ്പോൾ തന്നെ എല്ലാ നടപടികളും എടുത്തിരുന്നു. മൺസൂണിന് മുൻപ് തന്നെ യോഗം ചേർന്ന് നടപടി ക്രമങ്ങൾ നടപ്പാക്കിയിരുന്നു. ഒരു തരത്തിലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ വ്യാപകമായി വ്യാജ പ്രചരണം നടക്കുകയാണ്'- മുഖ്യമന്ത്രി വ്യക്തമാക്കി

വിരുന്നിൽ വിശദീകരണം

'രാവിലെ അ‌ഞ്ച് മണിക്കാണ് വെള്ളപ്പൊക്കത്തിന്റെ വിവരം അറിയുന്നത്. ഉടനെ എല്ലാ മന്ത്രിമാരെയും കളക്ടർമാരെയും ഞങ്ങൾ വിളിച്ചു. അവിടെ പോകേണ്ട സാഹചര്യം ഇല്ലെന്ന് അറിച്ചതിനാലാണ് പോകാത്തത്. പിന്നാലെ ചാർട്ട് ചെയ്ത പരിപാടിക്ക് പോയി. അന്ന് മൂന്ന് മണിക്ക് ഞാൻ ഭക്ഷണം കഴിച്ചു. അതാണ് ഞാൻ ചെയ്ത തെറ്റ്. 2018ലും 2019ലും ദുരന്തം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു.

എന്ത് വിവാദ പ്രചരണമാണ് നടന്നത്. അന്ന് മൂന്ന് മണിക്കാണ് ഞാൻ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചത് തെറ്റായി പോയോ? എന്തൊരു മര്യാദ കേടാണ് നിങ്ങൾ പറയുന്നത്. എന്ത് ഹീനമായ പ്രചരണമാണിത്. ഞാൻ സൽക്കാരത്തിന് അല്ല പോയത് ഭക്ഷണം കഴിക്കാനാണ്. ഞാൻ ഗുരുതരമായ ഒരു കുറ്റം ചെയ്തു. വെള്ളപ്പൊക്കം ഉണ്ടായ അന്ന് ഞാൻ ഭക്ഷണം കഴിച്ചു. അതാണോ ഞാൻ ചെയ്ത തെറ്റ്? മലയാളികൾ അത് വിലയിരുത്തട്ടെ'- വി ഡി സതീശൻ പറഞ്ഞു.

ഹെലികോപ്ടർ വിവാദം

'ഞാൻ ഹെലികോപ്ടർ എടുത്ത് പോയത് കൊച്ചിയിലാണ്. ഒരു ഇൻവെസ്റ്റ്മെന്റ് മിറ്റിംഗിനാണ് പോയത്. വന്ദേഭാരതിൽ പോകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. അവർക്ക് വൈകിട്ട് പോകണമെന്നുള്ളതുകൊണ്ട് വേഗത്തിൽ അവിടെ എത്താനാണ് ശ്രമിച്ചത്. പിന്നെ ഞാൻ ഹെലികോപ്ടറിൽ പോയതിൽ സർക്കാരിന് ഒരു രൂപയുടെ നഷ്ടവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്ത് പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ ഉപയോഗിച്ചിട്ടുണ്ട്. അതൊന്നും ഞാൻ ഇപ്പോൾ പറയുന്നില്ല. സംസ്ഥാനത്ത് ഗുണകരമായ കാര്യത്തിനാണ് ഞാൻ പോയത്'- മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary

Chief Minister V.D. Satheesan confirmed an emergency meeting of District Collectors to assess the state's rain calamity. He reported 15 deaths and 316 active camps, announcing various compensations, including Rs 8 lakh for deceased families. The Chief Minister dismissed false reports about dams and defended his personal actions during the crisis.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VD SATHEESAN, PRESSMEET, KERALA RAIN, KERALA FLOOD, CHIEF MINISTER RESPONSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA