
തിരുവനന്തപുരം: പാർട്ടി നേതാക്കൾക്ക് ബന്ധപ്പെടാനും പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യാനും കോൺഗ്രസ് മന്ത്രിമാരുടെ ഓഫീസുകളിൽ പേഴ്സണൽ സ്റ്റാഫിലെ ഒരംഗത്തിന് പ്രത്യേക ചുമതല നൽകിയേക്കും. ശനിയാഴ്ച ഇന്ദിരാഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഈ നിർദ്ദേശം വച്ചത്. മന്ത്രിമാരുടെ ഓഫീസുകളിൽ പലവിധ ആവശ്യങ്ങളുമായെത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് തങ്ങളുടെ വിഷയങ്ങൾ വേണ്ട വിധം ധരിപ്പിക്കാൻ തിരക്ക് മൂലം സാധിക്കുന്നില്ലെന്ന പരാതിയുണ്ട്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം കീറാമുട്ടിയാണ്. ഭൂരിപക്ഷം കോൺഗ്രസ് മന്ത്രിമാർക്കും ആവശ്യത്തിനുള്ള സ്റ്റാഫായിട്ടില്ല. മന്ത്രിമാർ ശുപാർശ ചെയ്യുന്നവരുടെ നിയമനത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകുകയാണ് പതിവ്. ചില ഡി.സി.സി അദ്ധ്യക്ഷന്മാർ പേഴ്‌സണൽ സ്റ്റാഫിലേക്ക് നൽകിയ ശുപാർശകൾ പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയുമുണ്ട്.
ഡി.സി.സി അദ്ധ്യക്ഷന്മാർക്ക് മാറ്റം
ഡി.സി.സി പ്രസിഡന്റുമാർ എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം, എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് പുറമേ മറ്റു ജില്ലകളിലും പുതിയ ഡി.സി.സി അദ്ധ്യക്ഷന്മാരെത്തിയേക്കും. എ.ഐ.സി.സി നിരീക്ഷകർ നൽകുന്ന പാനലിന്റെ അടിസ്ഥാനത്തിലാവും നടപടികൾ. പുതിയ പ്രസിഡന്റുമാർ വരുമ്പോൾ കെ.സി.വേണുഗോപാൽ പക്ഷത്തിന് ആധിപത്യം കൂടിയേക്കും.
മുഖ്യമന്ത്രി വി.ഡി.സതീശനോട് ആഭിമുഖ്യമുള്ള ചെമ്പഴന്തി അനിലിനാണ് തിരുവനന്തപുരത്ത് സാദ്ധ്യത. എറണാകുളത്ത് എം.ആർ.അഭിലാഷിനും കോഴിക്കോട്ട് പി.എം.നിയാസിനും നറുക്കു വീണേക്കും. രണ്ട് പേരും കെ.പി.സി.സി ജനറൽ സെക്രട്ടറിമാരും കെ.സിയോട് അടുപ്പമുള്ളവരുമാണ്. മലപ്പുറത്ത് പരിഗണിക്കപ്പെട്ടേക്കാവുന്നത് കെ.സി.വിഭാഗത്തോട് അടുപ്പമുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി വി.ബാബുരാജ്, മലപ്പുറം ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം എന്നിവരാണ്.
കോട്ടയത്ത് വി.ഡി.സതീശന്റെ വിശ്വസ്തനായ ഫിൽസൺ മാത്യുവിന്റെ പേരിനാണ് പ്രാമുഖ്യം. കൊല്ലം ഡി.സി.സി അദ്ധ്യക്ഷൻ രാജേന്ദ്രപ്രസാദിന് മാറ്റം വന്നാൽ, ഡി.സി.സി വൈസ് പ്രസിഡന്റ് ഏരൂർ സുഭാഷിന് അവസരം കിട്ടിയേക്കാം. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിലപാടാണ് നിർണായകം. ആലപ്പുഴയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് പരിഗണിച്ചിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാറിനാണ് മുൻതൂക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ മികവുറ്റ പ്രകടനം കാഴ്ച വച്ച പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റ് സതീശ് കൊച്ചുപറമ്പിലിന് മാറ്റമുണ്ടെങ്കിൽ കെ.സി പക്ഷത്തുള്ള ജോർജ് മാമൻ കൊണ്ടൂരിലേക്കാവും സ്ഥാനമെത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |