SignIn
Kerala Kaumudi Online
Monday, 17 August 2026 2.34 AM IST

കേസ്  ഇന്ന്  സുപ്രീംകോടതിയിൽ : ദേശീയ പാതയോരത്തെ  നിർമ്മാണ നിയന്ത്രണത്തിന്  സാവകാശം തേടും

1

തിരുവനന്തപുരം: ദേശീയപാതകളിൽ നിന്ന് കൂടുതൽ അകലം പാലിച്ച് കെട്ടിടം നിർമ്മിക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ കേരളം സാവകാശം തേടും. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് സ്റ്റാൻഡിംഗ് കൗൺസൽ അൽജോ കെ.ജോസഫ് ഇന്ന് കോടതിയിൽ സമർപ്പിക്കും. ജസ്റ്റിസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദേശീയപാതകളുടെ മദ്ധ്യരേഖയിൽ നിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ വീട് നിർമ്മാണവും 75 മീറ്റർ പരിധിക്കുള്ളിൽ വാണിജ്യ കെട്ടിടങ്ങളും നിർമ്മിക്കരുതെന്നാണ് കോടതി നിർദേശം.

 മാനദണ്ഡങ്ങൾ കടുകട്ടി

സംസ്ഥാനത്ത് ദേശീയപാതകളുടെ പരമാവധി വീതി 45 മീറ്ററാണ്. മദ്ധ്യരേഖയിൽ നിന്ന് ഇരുവശങ്ങളിലേക്കും 22.5 മീറ്റർ വീതം വരും. ഉത്തരവ് പ്രകാരം വസ്തുവിന്റെ അതിരിനുള്ളിൽ 17.5 മീറ്റർ സ്ഥലം വീടേണ്ടിവരും. വാണിജ്യ കെട്ടിടമാണെങ്കിൽ 52.5 മീറ്റർ വരെ വിടണം. നിലവിൽ, റോഡിന്റെ ഓരത്ത് നിന്ന് 4.5 മീറ്റർ അകലെ നിർമ്മാണം നടത്താൻ അനുമതിയുണ്ട്. അതുപ്രകാരം 45 മീറ്റർ ദേശീയ പാതയുടെ മദ്ധ്യത്ത് നിന്ന് 27 മീറ്റർ (22.5+4.5) വിട്ടാൽ മതിയാകും. അതാണ് 40 മീറ്ററിലേക്കും 75 മീറ്ററിലേക്കും മാറുന്നത്. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുത്തവർക്ക് ഇതു ബാധകമല്ലെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്.

60 ദിവസങ്ങൾക്കുള്ളിൽ സർക്കാർ വിജ്ഞാപനം ഇറക്കണമെന്നും ഏപ്രിൽ 13 ലെ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ തുടർനടപടികൾ ഉണ്ടായില്ല. മേയ് 18 നാണ് സർക്കാർ അധികാരമേറ്റത്. 2025 നവംബർ രണ്ടിനും മൂന്നിനും രാജസ്ഥാനിലെ ഫലോദി ജില്ലയിലും തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുമുണ്ടായ റോഡപകടങ്ങളിൽ 34 പേർക്ക് ജീവഹാനിയുണ്ടായതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA