
തിരുവനന്തപുരം: കെഎസ്ആർടിസി സൗജന്യയാത്രയിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തികനേട്ടം നേരിട്ട് വീടുകളിലേക്കെത്തുമെന്ന് ഗതാഗതമന്ത്രി സി പി ജോൺ. ഇത് ബാദ്ധ്യതയല്ലെന്നും കൂടുതൽ സാദ്ധ്യതയാണ് സർക്കാർ ഇതിലൂടെ തേടുന്നതെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സി പി ജോൺ ഇക്കാര്യം പറഞ്ഞത്. സ്വന്തമായി വാഹനമുള്ളവർ പോലും പൊതുഗതാഗതത്തിലേക്ക് തിരിച്ചെത്തുമെന്നും ഇത് ഗതാഗതക്കുരുക്ക് അഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'വിജയകരമായ ഒട്ടേറെ മാതൃകകൾ മുന്നിലുണ്ട്. ഇങ്ങനെ സൗജന്യം നൽകുന്ന സർക്കാരിനെ സഹായിക്കാൻ നിരവധിപേർ മുന്നോട്ട് വന്നിട്ടുണ്ട്. പരസ്യം പതിക്കാൻ അനുവദിച്ചാൽ സൗജന്യമായി ബസ് വാങ്ങിത്തരാൻ നിരവധി സ്ഥാപനങ്ങൾ തയ്യാറാണ്. ഇ - ബസുകളോട് സർക്കാരിന് വിരോധമില്ല. അവ നഗരപാതകൾക്ക് ചേർന്നതാണ്. ദീർഘദൂര പാതകൾക്ക് ഡീസൽ ബസുകളാണ് നല്ലത്. കേന്ദ്ര പദ്ധതിയിൽ ഇ -ബസുകൾ വാങ്ങുന്നത് പരിഗണനയിലാണ്.
കേന്ദ്രപദ്ധതിയിൽ ഇ - ബസുകൾ വാങ്ങുന്നത് പരിഗണനയിലാണ്. ഇന്ദിരാ ഗാരന്റിയിൽ ആശങ്കവേണ്ട. സൗജന്യയാത്ര വഴിയുണ്ടാകുന്ന ബാദ്ധ്യത കെഎസ്ആർടിസിയെ ബാധിക്കില്ല. അധികസാമ്പത്തിക ബാദ്ധ്യത സർക്കാർ വഹിക്കും. ശമ്പളവും പെൻഷനും മുടങ്ങിയില്ല. ഒരു വർഷത്തിനുള്ളിൽ ശുഭകരമായ മാറ്റമുണ്ടാകും. പുതിയ ബസുകൾ വാങ്ങുന്നതിന് മറ്റ് പല വഴികളുമുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. പ്രാഥമികനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ സാമ്പത്തിക മാനേജ്മെന്റിലൂടെ കെഎസ്ആർടിസിയെ ഉയർത്തിയെടുക്കാനാകും'- സി പി ജോൺ പറഞ്ഞു.
അതേസമയം, റോഡുകളിലെ യഥാർത്ഥ വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്നതിന് ഒരു വാഹന സെൻസസ് നടത്തണമെന്നും സിപി ജോൺ ഗതാഗത കമ്മീഷണറേറ്റിൽ അടുത്തിടെ നടന്ന അവലോകന യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. വാഹൻ ഡാറ്റ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് കണക്കെടുപ്പ്. സെൻസസിന്റെ ഫോർമുലയും രീതിയും പഠിക്കുന്നതിനും നിർദ്ദേശിക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ കമ്മിറ്റിയും രൂപീകരിച്ചു. ശബരിമല സേഫ് സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങള മന്ത്രി അഭിനന്ദിച്ചു. അടുത്ത മണ്ഡല കാലത്തിനായി മുൻകൂർ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |