SignIn
Kerala Kaumudi Online
Monday, 31 August 2026 12.45 AM IST

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: തുടർന്ന് മുഖപത്രം വഴി ഏറ്റുമുട്ടൽ

1

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള സി.പി.എമ്മിന്റെയും സി.പി.ഐയുടേയും തമ്മിലടി മുൻകാല രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുന്ന വാഗ്വാദമായി മാറി. പരസ്യപ്രതികരണങ്ങളും പ്രകോപനങ്ങളും വേണ്ടെന്ന ധാരണയ്ക്കിടയിലും മുഖപത്രങ്ങളിലൂടെയുള്ള ഏറ്റുമുട്ടൽ മുന്നണിയിലെ മറ്റ് പാർട്ടികളെ അസ്വസ്ഥരാക്കുന്നുണ്ട്.
ശനിയാഴ്ച ദേശാഭിമാനി ഉയർത്തിയ വിമർശനങ്ങൾക്ക് സി.പി.ഐ മുഖപത്രമായ ജനയുഗം ഇന്നലെ മറുപടി നൽകി. കൂട്ടായ നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യകത എന്ന തലക്കെട്ടിൽ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിലാണ് മറുപടി. അടിയന്തരാവസ്ഥയെ പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ ആണെന്ന ആരോപണത്തെ, നിലമ്പൂരിലെ മാവോയിസ്റ്റ് വെടിവയ്പ്പ് ചൂണ്ടിക്കാണിച്ചാണ് ജനയുഗം പ്രതിരോധിക്കുന്നത്. അച്യുതമേനോന് ശേഷം വന്ന ഇടതുപക്ഷ സർക്കാരുകളുടെ കാലത്തും അറിഞ്ഞോ അറിയാതെയോ പൊലീസ് അതിക്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്. നിലമ്പൂർ വനങ്ങളിൽ നടന്ന നക്സലൈറ്റുകളുടെ കൂട്ടക്കൊല ഒരു ഭരണകൂടത്തിനും ഭൂഷണമല്ലെന്ന വസ്തുതയും വിസ്മരിക്കരുത്.

അടിയന്തരാവസ്ഥയിൽ നടന്ന അതിക്രമങ്ങളിൽ അച്യുതമേനോൻ അങ്ങേയറ്റം ദുഃഖിതനായിരുന്നുവെന്നത് അദ്ദേഹം മറച്ചുവച്ചില്ലെന്ന് ലേഖനത്തിൽ പറയുന്നു.

എൽ.ഡി.എഫിന്റെ തുടക്കം മുതൽ പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സി.പി.എമ്മിൽ നിക്ഷിപ്തമായിരുന്നുവെന്നും കീഴ്വഴക്കം തുടരണമെന്നുമുള്ള വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ മാറ്റങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യമായി മാത്രമേ കാണാൻ കഴിയൂ എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് സി.പി.ഐ നേതാവ് ജി.ആർ.അനിൽ പറഞ്ഞു. സി.പി.ഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പ്രസ്താവനകളിലേക്ക് പോകുന്നത് ഇടതുപക്ഷ ഐക്യത്തിന് ഗുണം ചെയ്യില്ല. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദവികൾ അല്ല പ്രശ്നമെന്നും പരസ്പരം ശത്രുത വർദ്ധിപ്പിക്കുന്ന രീതിയിലേക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA