SignIn
Kerala Kaumudi Online
Tuesday, 13 October 2026 9.04 PM IST

ഓടിയത് ഗുണ്ടകൾ വന്നെന്ന് കരുതിയെന്ന് ഷൈൻ ടോം

shine-tom-chacko

കൊച്ചി: ''എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. അവർ അയച്ച ഗുണ്ടകളെന്ന് കരുതിയാണ് ജനൽചില്ല് തകർത്ത് ജീവനുംകൊണ്ടോടിയത്. പൊലീസായിരുന്നെന്ന് പിറ്റേദിവസമാണ് അറിഞ്ഞത്."" എറണാകുളം നോർത്തിലെ ഹോട്ടൽ വേദാന്തയിൽ നിന്ന് ചാടി ഓടി രക്ഷപ്പെട്ടത് എന്തിനെന്ന ചോദ്യത്തിന് ഷൈൻ ടോം ചാക്കോയുടെ മറുപടി ഇങ്ങനെ. ഹോട്ടലിൽ അന്ന് ലഹരി ഇടപാട് നടക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് മഫ്തിയിൽ എത്തിയത്. മലപ്പുറം സ്വദേശി ഷജീറിനെ തേടിയായിരുന്നു വരവ്.

തന്നെ അന്വേഷിച്ചതറിഞ്ഞ് നോക്കുമ്പോൾ താഴെ ഏതാനും പേർ നിൽക്കുന്നതു കണ്ടെന്നാണ് ഷൈനിന്റെ മൊഴി. അപായപ്പെടുത്താനാണെന്നു കരുതി മുറിയുടെ വാതിലടച്ചു. തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ജനൽചില്ല് കാലുകൊണ്ട് ചവിട്ടിപ്പൊളിച്ച് രണ്ടാം നിലയുടെ റൂഫിലേക്കും അവിടെനിന്ന് ഒന്നാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്കും ചാടി. തുടർന്ന് സ്റ്റെയർകേസ് വഴി ഓടി റോഡിലെത്തി അതുവഴിപോയ എറണാകുളം സ്വദേശിയായ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്റെ ബൈക്കിൽ ബോൾഗാട്ടിയിലെ ആഡംബര ഹോട്ടലിലേക്ക് പോയി.

ഏതാനും മണിക്കൂർ അവിടെ തങ്ങി. തുടർന്ന് ഊബർ ടാക്‌സിയിൽ ഗുരുവായൂരിലെത്തി. അന്നുതന്നെ പാലക്കാട്ടേക്കു പോയി. പാലക്കാട്ടു വച്ചാണ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയത്.

രാവിലെ 10ന് പൊലീസ് സ്‌റ്റേഷനിൽ

പൊലീസ് ചോദ്യംചെയ്യലിന് ഹാജരാകാൻ തൃശൂരിലെ വീട്ടിൽ നോട്ടീസ് നൽകിയതിനു പിന്നാലെ ഇന്നലെ എത്താമെന്ന് ഷൈൻ ഉറപ്പുനൽകിയിരുന്നു. രാവിലെ 10ന് നോർത്ത് സ്‌റ്റേഷനിലെത്തി. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം താൻ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്നാണ് ഷൈനിന്റെ നിലപാട്.

തൃശൂർ സ്വദേശിനിയുൾപ്പെടെ അഞ്ചു പേരാണ് ഷൈനിനൊപ്പം ഉണ്ടായിരുന്നത്. സ്ത്രീക്ക് ഷൈൻ റൂം ബുക്ക് ചെയ്ത് നൽകിയിരുന്നു. മൂന്നുപേർ വൈകിട്ടോടെ ഹോട്ടൽവിട്ടു. ഷൈനും കേസിലെ രണ്ടാം പ്രതി അഹമ്മദ് ബുർഷാദും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അഹമ്മദ് ബുർഷാദിനെയും ചോദ്യം ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ ഉടൻ വിളിച്ചുവരുത്തി ചോദ്യംചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA