SignIn
Kerala Kaumudi Online
Sunday, 27 September 2026 4.16 PM IST

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

READ ENGLISH VERSION
cholera

തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം. കവടിയാർ സ്വദേശിയായ 63കാരനാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴ് ദിവസം മുമ്പായിരുന്നു മരണം. രക്ത പരിശോധനയിലൂടെ ഇന്നാണ് കോളറ സ്ഥിരീകരിച്ചത്. മരണ കാരണം കോളറയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള തീരുമാനം ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നിലവിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്.

മലിനജലത്തിലൂടെ പകരുന്ന ജലജന്യ രോഗമാണ് കോളറ. വിബ്രിയോ കോളറെ ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിലെത്തുന്ന ഇവ വയറിളക്കത്തിന് കാരണമാകുന്ന 'കോളറാ ടോക്സിൻ' എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു.

ശക്തിയായ വയറിളക്കം, ഛർദി, പനി, നിർജലീകരണം, മലത്തിൽ രക്തത്തിന്റെ അംശം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കോളറയെ പ്രതിരോധിക്കാനായി വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം. പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ടോയ്ലറ്റിൽ പോയശേഷം കൈകൾ വൃത്തിയായി കഴുകുക. ഈച്ചകളിൽ നിന്നും രോഗം പകരുന്നതിനാൽ ഈച്ചകൾ പെരുകാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗി മരണപ്പെടാൻ പോലും സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANRUM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA