SignIn
Kerala Kaumudi Online
Sunday, 27 September 2026 2.19 AM IST

വെള്ളാനയായി വിജിലൻസ് ട്രൈബ്യൂണലുകൾ, വിചാരണ ചെയ്തത് 10 കേസ്, ചെലവ് 3 കോടി

READ ENGLISH VERSION
vijilance

തിരുവനന്തപുരം: വർഷം അഞ്ചു വീതം കേസുകൾ വിചാരണ ചെയ്യുകയും മൂന്നുകോടിയോളം രൂപ ചെലവുണ്ടാവുകയും ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനയായി മാറുന്നു. അഴിമതിക്കാരായ ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടിയാണ് ട്രൈബ്യൂണലുകൾ തീരുമാനിക്കേണ്ടത്. തീരുമാനം സർക്കാരിനെ അറിയിക്കണം. കേസുകൾ ട്രൈബ്യൂണലിന് കൈമാറേണ്ടതും സർക്കാരാണ്.

സ്വന്തംനിലയിൽ കേസെടുക്കാനോ ജനങ്ങളുടെ പരാതികളിൽ കേസെടുക്കാനോ കഴിയില്ല.

തിരുവനന്തപുരം ട്രൈബ്യൂണലിൽ 2025-2026 സാമ്പത്തിക വർഷം അഞ്ചു കേസുകളിലാണ് വിചാരണ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകിയത്. 11 കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. 24 കേസുകൾ നേരത്തേയുണ്ടായിരുന്നു. കോഴിക്കോട് ട്രൈബ്യൂണലിൽ നിന്ന് രണ്ട് കേസുകൾ തിരുവനന്തപുരത്തേക്ക് റഫർ ചെയ്തിരുന്നു. ഒരു കേസിലെ അന്വേഷണം സർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് വിചാരണ അവസാനിപ്പിക്കേണ്ടി വന്നു. തിരുവനന്തപുരം ട്രൈബ്യൂണലിന്റെ പ്രവർത്തനത്തിനായി 1.33 കോടി രൂപയാണ് സർക്കാർ ചെലവിട്ടത്. കോർട്ട് ഫീ സ്റ്റാമ്പ് ഇനത്തിൽ 6,489രൂപ വരുമാനമുണ്ടായി. കോഴിക്കോട്ടും സമാനസ്ഥിതിയാണ്.

ട്രൈബ്യൂണലുകൾക്കായി കോടിക്കണക്കിന് രൂപ ചെലവിടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി, ഇവ നിറുത്തലാക്കണോയെന്ന് സർക്കാർ ആലോചിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. 'പെർഫോമൻസ് ഓഡിറ്റ്' നടത്താൻ ജസ്റ്റിസ് കെ.ബാബു ഉത്തരവിടുകയും ചെയ്തു. ഒരു വർഷം ശമ്പള ഇനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ ചെലവാകുന്നുണ്ടെന്നും മറ്റ് പ്രവർത്തന ചെലവുകൾക്കായും ഒരു കോടിയിലധികം ചെലവാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ട്രൈബ്യൂണലിലേക്ക് കൈമാറാതെ, വകുപ്പുതലത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുന്നതാണ് കേസുകൾ കുറയാൻ കാരണമെന്ന് ട്രൈബ്യൂണൽ വൃത്തങ്ങൾ പറയുന്നു.

അഭിഭാഷകർക്ക്

രാഷ്ട്രീയ നിയമനം

1.ജില്ലാ ജഡ്ജിയാവാൻ യോഗ്യതയുള്ള, അതായത് 10 വർഷം പ്രാക്ടീസുള്ള അഭിഭാഷകർക്ക് വിജിലൻസ് ട്രൈബ്യൂണലാവാം. ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി എൻ.വാസു മുൻപ് ട്രൈബ്യൂണലായിരുന്നു.

2.എഴുത്തുപരീക്ഷയും ആഭ്യന്തര,നിയമ സെക്രട്ടറിമാരുടെ മേൽനോട്ടത്തിൽ അഭിമുഖവും നടത്തി പാനലുണ്ടാക്കും. അതിൽനിന്ന് ആഭ്യന്തരവകുപ്പാണ് നിയമിക്കുന്നത്.

3.രണ്ടേകാൽലക്ഷം രൂപവരെയാണ് ശമ്പളം. ജില്ലാ ജഡ്ജിയുടെ ആനുകൂല്യങ്ങളുമുണ്ട്. 62 വയസുവരെ തുടരാം. 20 ജീവനക്കാരുടെ ശമ്പളം വിജിലൻസ് വകുപ്പിൽ നിന്നാണ്.

കോടികൾ വിഴുങ്ങിയ

മൂന്നാർ ട്രൈബ്യൂണൽ

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും ഭൂമി തർക്കങ്ങൾ തീർപ്പാക്കാനും 2011ൽ രൂപീകരിച്ച മൂന്നാർ ട്രൈബ്യൂണൽ 2018ൽ പിരിച്ചുവിട്ടു. 13.45കോടിരൂപ ചെലവുണ്ടായി. 42 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. കേസുകൾ സിവിൽ കോടതികളിലേക്ക് മാറ്റി.

‌1,564

അഞ്ചു വർഷത്തിനിടെ

പിടിയിലായ ഉദ്യോഗസ്ഥർ

734

കേസുകളാണ്

ഇവർക്കെതിരെയുള്ളത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGOILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA