SignIn
Kerala Kaumudi Online
Friday, 31 July 2026 12.54 PM IST

34 ലക്ഷത്തിന്റെ മീൻ, അഴീക്കോട് മത്സ്യത്തൊഴിലാളികൾക്ക് മത്തിച്ചാകര; ഈ സീസണിൽ ആദ്യം

mathi
പ്രതീകാത്മക ചിത്രം

തൃശൂർ: അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് മത്തിച്ചാകര. ചേറ്റുവ സ്വദേശികളുടെ ഗോകുലം ഇൻബോർഡ് എഞ്ചിൻ വള്ളത്തിന് 34 ലക്ഷം രൂപയുടെ മത്തിയാണ് ലഭിച്ചത്. ഈ സീസണിൽ ആദ്യമായാണ് ഇത്രയും കൂടുതൽ മീൻ ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

അതേസമയം, 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകൾ ഇന്ന് അർദ്ധരാത്രി കടലിലേക്ക് കുതിക്കും. ബോട്ടുകളിൽ വലിയൊരു വിഭാഗവും ഇന്ധനം നിറച്ചുകഴിഞ്ഞു. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളും മടങ്ങിയെത്തി. ആദ്യ ദിവസം തന്നെ മടങ്ങിവരുന്ന ചെറിയ ബോട്ടുകൾ നാരൻ, കരിക്കാടി, കഴന്തൻ തുടങ്ങിയവ തേടിയാണ് പോകുന്നത്. ഇവ നൂറ് മുതൽ 130 അടി വരെ ആഴമുള്ള ഭാഗത്താണ് വലവിരിക്കുന്നത്.

ഒരാഴ്ച വരെ കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകൾ 250 മുതൽ 300 അടി വരെ ആഴമുള്ള ഭാഗത്ത് വലവിരിക്കും. ഇവ ഓലക്കണവ, പേക്കണവ, കിളിമീൻ തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്നത്. ചെറിയ ബോട്ടുകൾക്കും കിളിമീൻ ലഭിക്കും. അധിക ദൂരം പോകാത്ത ചെറിയ ബോട്ടുകൾ മറ്റന്നാൾ പുലർച്ചെ മുതൽ തിരികെവന്ന് തുടങ്ങും.

വിലയും കുറയും

ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് പുറമേ പുതിയ റോപ്പും വലയും ഭൂരിഭാഗം ബോട്ടുകളും വാങ്ങിയിട്ടുണ്ട്. കടലിന്റെ അടിത്തട്ട് ഏറെ ദിവസമായി ശാന്തമായതിനാൽ കാര്യമായി മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകൾ. ബോട്ടുകൾ കടലിൽ പോയി മടങ്ങിവരുന്നതോടെ മത്സ്യവിലയിൽ ചെറിയ കുറവുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AZHIKODE MATHI, AZHIKODE FISHERMEN, MATHI CATCH KERALA, AZHIKODE CHAKARA, AZHIKODE MATHI CHAAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA