SignIn
Kerala Kaumudi Online
Friday, 31 July 2026 1.52 AM IST

തല്ലുമാലകളുടെ കേരളം

a

കൗമാര പ്രായക്കാരും യുവാക്കളും നിസാര തർക്കങ്ങളുടെ പേരിൽ കൊല്ലിലും ക്രൂരമായ തല്ലിലും ഏർപ്പെടുന്ന സംഭവങ്ങൾ കൂടുതലായി കേൾക്കുന്നു. യൂത്ത് വയലൻസും കുറ്റകൃത്യങ്ങളും 'തല്ലുമാലകളും" വർദ്ധിക്കുകയാണോയെന്ന ആശങ്ക പടരുന്നു

---------------------------------------------------------------------------------------------------------------------------------------

കൗമാര, യൗവ്വന കാലഘട്ടത്തിൽ അക്രമ വാസനയുടെ പ്രവണതകൾ ഒരുപരിധി വരെ സ്വാഭാവികമാണ്. പ്രത്യേകിച്ചും ആൺകുട്ടികളിൽ. നല്ല വളർത്തലുകളും നന്മകൾ ശീലിപ്പിക്കുന്ന പള്ളിക്കൂടങ്ങളും സർഗാത്മക അഭിരുചികളിലേക്കു മാറ്റി പ്രതിഷ്ഠിക്കുന്ന പ്രവർത്തനങ്ങളുമൊക്കെ അതിനെ മയപ്പെടുത്തും. കായിക വിനോദങ്ങളും കളികളുമൊക്കെ ഉള്ളിൽ നുരയുന്ന അക്രമത്തെ ക്രിയാത്മക ദിശകളിലേക്ക് ഗതിമാറ്റും. സാമൂഹിക ക്രമങ്ങൾക്കനുസരിച്ച് ജീവിക്കുന്ന നല്ല വ്യക്തിത്വത്തിലേക്കു അവരെ നയിക്കും. ഡിജിറ്റൽ നിയന്ത്രിത ലോകത്തിൽ ഇത്തരം തിരുത്തൽ ശക്തികൾ ദുർബലപ്പെട്ടിട്ടുണ്ട്.

കുടുംബാന്തരീക്ഷത്തിൽ അശാന്തികളും അക്രമങ്ങളുമുണ്ടെങ്കിൽ അത് അക്രമ വാസനയെ വിലക്കുകളില്ലാതെ പ്രകടിപ്പിക്കാനുള്ള സാഹചര്യമൊരുക്കും. കൂട്ടുകെട്ടുകൾ ക്രൈമുകളുടെയും ലഹരി ദുരുപയോഗത്തിന്റെയും പാതയിലാണെങ്കിൽ അവനും ആ വഴിയേ പോകും. വീട്ടിലെ മുതിർന്നവരുടെ അക്രമങ്ങൾക്കു ഇരയായിട്ടുള്ള പല കുട്ടികളും അക്രമ മാർഗത്തിലേക്ക് പോകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകൾ, വയലൻസിനെ ശരിവത്കരിക്കുന്ന വെബ് സീരീസുകളും സിനിമകളും അതിരുവിടുന്ന രോഷ പ്രകടനങ്ങളെ മഹത്വവത്കരിക്കുന്ന വാർത്താവിതരണ ശൈലികൾ ഇവയൊക്കെ വ്യക്തിപരമായ ഇടപെടലുകളിലേക്കും അക്രമത്തിന്റെ ശൈലികൾ വിന്യസിപ്പിക്കാം. സ്വഭാവ വൈകല്യങ്ങൾ ഉള്ളവരിൽ പ്രത്യേകിച്ചും.

തിരിച്ചറിയാൻ വൈകരുത്, തിരുത്താനും

അക്രമ വാസനയിലേക്ക് പോകാനിടയുള്ള പെരുമാറ്റങ്ങൾ കുട്ടികളായിരിക്കെ തന്നെ പ്രകടിപ്പിക്കാം. നിഷേധസ്വഭാവം, കലിതുള്ളൽ, മറ്റുള്ളവരെ ഉപദ്രവിക്കൽ, വസ്തു വകകൾ നശിപ്പിക്കൽ, അടിപിടി ഉണ്ടാക്കുന്ന കൂട്ടുകാരുമായി കൂട്ടുകൂടൽ, ലഹരി ദുരുപയോഗം ഇവയൊക്കെയാണ് അവയിൽ ചിലത്. ആദ്യ സൂചനകൾ കാണുമ്പോൾ തന്നെ മനഃശാസ്ത്രപരമായ പരിഹാരം തേടണം. മാതാപിതാക്കളും അദ്ധ്യാപകരും ഒത്തുചേർന്ന് ഈ കുട്ടികളിലെ നന്മകൾ കണ്ടെത്തണം. അതിനെ പ്രോത്സാഹിപ്പിച്ചു പരിപോഷിപ്പിക്കണം. ഇച്ഛാഭംഗങ്ങളെയും അപ്രീയ അനുഭവങ്ങളെയും പാകതയോടെ നേരിടാൻ പോന്ന ജീവിത വൈഭവങ്ങൾ ശീലിപ്പിക്കണം. അക്രമത്തിന്റെ നാമ്പുകളെ മുളയിലേ നുള്ളാൻ കഴിവുള്ളവരാക്കണം. ഔഷധ ചികിത്സ വേണ്ട, ശ്രദ്ധാവൈകല്യം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കണം. യൂത്ത് വയലൻസ് ഒരു സാമൂഹിക തിന്മയായി വളർന്നുവരുന്നത് തിരിച്ചറിയണം. അതിനെ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതികൾ വേണം. യുവജന സംഘടനകളും ക്രീയാത്മകമായി ഇടപെടണം. അക്രമ സമരങ്ങളെ ആദർശവത്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശൈലികളിൽ മാറ്റം വരണം. വരുത്തുമോ? ഇല്ലെങ്കിൽ തെരുവോരങ്ങളിൽ ഇച്ഛാഭംഗങ്ങൾ കൈകാര്യം ചെയ്യാനാകാതെ തുറന്ന തല്ലിൽ ഏർപ്പെടുന്ന ചെറുപ്പക്കാർ പതിവു കാഴ്ചയായേക്കാം.


(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ദ്ധനും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA