
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് വീണ്ടും സമൻസ് നൽകിയിട്ടുണ്ട്. ഈ മാസം 29-ാം തീയതി രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയും വീണയെ ഇഡി ഒമ്പത് മണിക്കൂർ ചേദ്യം ചെയ്തിരുന്നു. രാവിലെ 11നാരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറോടെയാണ് അവസാനിച്ചത്. സിഎംആർഎല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം. എക്സാലോജിക് നൽകിയ ഐടി സേവനങ്ങൾക്കുള്ള പ്രതിഫലമായി 2017 മുതൽ 2020 വരെ സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നും എന്നാൽ അത്തരം സേവനങ്ങളൊന്നും കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ )അന്വേഷണം ആരംഭിക്കുകയും പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം ഇഡി ഉദ്യോഗസ്ഥർ വീണയുടെ ബാങ്ക് ലോക്കറുകൾ തുറന്നു പരിശോധിച്ചിരുന്നു. വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി കേസ് സംബന്ധിച്ച രേഖകൾ ലോക്കറിൽ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന. പരിശോധനയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കിയിരുന്നു. മൂന്നുമണിക്കൂറോളം പരിശോധന തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |