
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അതു പ്രകാരമുള്ള പ്രവേശനം ജൂൺ 15 മുതൽ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും.
ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ (www.hscap.kerala.gov.in/ ൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിൻ
എന്നതിലൂടെ ഫസ്റ്റ് അലോട്ട് അറിയാനാകും. ഫസ്റ്റ് അലോട്ട് റിസൾട്ട് എന്ന ലിങ്കിൽ നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി ബന്ധപ്പെട്ട സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതമാണ് ഹാജരാകേണ്ടത്. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ, അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നു പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.
ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ ഫീസ് അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കണം.
പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷകൾ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |