SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

മെഡിക്കൽ- എൻജി. മെറിറ്റ് സീറ്റ് തിരിമറി: നീതിക്കായി ഗോപകുമാർ പോരാടിയത് 22 വർഷം

entrance

 വഴികാട്ടിയത് കേരളകൗമുദി റിപ്പോർട്ട്
കേസിൽ വിചാരണ ഉടൻ തുടങ്ങും

തിരുവനന്തപുരം: മെഡിക്കൽ,​ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ മെറിറ്റ് സീറ്റ് തിരിമറിക്കെതിരെ 22 വർഷം നീണ്ട റിട്ട.എസ്.പി സി.പി.ഗോപകുമാറിന്റെ നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ദിവസങ്ങൾക്ക് മുമ്പ് വിജിലൻസ് കോടതി റദ്ദാക്കി. വിചാരണ ഉടൻ തുടങ്ങും. കേരള മെഡിക്കൽ-എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് തിരുത്തി 2004ൽ മെറിറ്റ് സീറ്റുകൾ സ്വാശ്രയ കോളേജുകൾക്ക് മറിച്ചു നിൽകിയെന്നാണ് കേസ്.

ഐ.പി.എസ് ലഭിച്ച് എസ്.പിയായി സർവീസിൽ നിന്ന് വിരമിച്ച ഗോപകുമാറിന്റേത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. സർവീസിലിരിക്കെ സ്വന്തം അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ട തിരിമറിക്കെതിരെ വിരമിച്ചശേഷവും നിയമയുദ്ധം തുടരുകയായിരുന്നു. ആ പോരാട്ടത്തിനാണ് 67-ാം വയസിൽ ഫലംകണ്ടത്. '3752 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു' എന്ന 2004 നവംബർ 30ലെ 'കേരളകൗമുദി' റിപ്പോർട്ടാണ് നിയമപോരാട്ടത്തിന് ഗോപകുമാറിന് പ്രേരണയായത്.

യോഗ്യതയുണ്ടായിട്ടും അന്ന് മകൾ തങ്കത്തിന് മെറിറ്റിൽ നഴ്സിംഗിന് പ്രവേശനം ലഭിച്ചില്ല. ഒടുവിൽ, രണ്ടു ലക്ഷംരൂപ വായ്പയെടുത്ത് മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നേടേണ്ടിവന്നു. ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുകയാണ് മകൾ. പിന്നീട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകളിൽ ലഭിച്ച വിവരങ്ങളായിരുന്നു ഗോപകുമാറിന് നിയമപോരാട്ടങ്ങളിൽ കരുത്തായത്.

അതിനിടെ ലോകായുക്തയെ സമീപിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. 2006ൽ ഹൈക്കോടതിയിൽ ബന്ധുവായ വിജയകുമാറിനെക്കൊണ്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അനുകൂല ഉത്തരവുണ്ടായി. വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി 2007ൽ അന്നത്തെ പ്രവേശന പരീക്ഷാ കമ്മിഷണർ സി.കെ.വിശ്വനാഥൻ ഉൾപ്പെടെ 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.

11 വർഷത്തിന് ശേഷം 2018ലാണ് കുറ്റപത്രം നൽകിയത്. തുടർന്ന് കുറ്റപത്രം റദ്ദാക്കാൻ പ്രതികൾ കോടതിയെ സമീപിച്ചു. അതിനിടെ കുറ്റപത്രം റദ്ദാക്കി പുനരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ആദ്യം കുറ്റപത്രം നൽകിയ ഉദ്യോഗസ്ഥൻ തന്നെ 2022ൽ പ്രതികൾക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടും നൽകി.

ഇതിനെതിരെ ഗോപകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇടപെടലിനെ തുട‌ർന്ന് വിജിലൻസ് കോടതി ഗോപകുമാറിന്റെ നിലപാടുകൾ ശരിവയ്ക്കുന്ന ഉത്തരവ് ഇക്കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ചു. 2018ൽ വിരമിച്ച ഗോപകുമാർ തിരുവനന്തപുരം ചെമ്പഴന്തി ഞാണ്ടൂർകോണത്താണ് താമസിക്കുന്നത്.


കേസ് ശനിയാഴ്ച

പരിഗണിക്കും

വിജിലൻസ് കോടതിയിൽ കേസിന്റെ വിചാരണ ഉടൻ തുടങ്ങും. മുൻ പ്രവേശന പരീക്ഷാ കമ്മിഷണർ സി.കെ.വിശ്വനാഥൻ ഒന്നാം പ്രതിയായ കേസിൽ മുൻ ജോയിന്റ് കമ്മിഷണർ രാജുകൃഷ്ണൻ, ടി.ജി.അജയകുമാർ, മുൻ അസിസ്റ്റന്റ് പി.പി.അജിത് എന്നിവരാണ് മറ്റ് പ്രതികൾ. സി.കെ.വിശ്വനാഥൻ ഒരുവർഷം മുമ്പ് മരണപ്പെട്ടു. കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ENTRANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA