തൃശൂർ: മോട്ടോർ വാഹന വകുപ്പിന്റെയും മറ്റുട്രാഫിക് പിഴകളുടെയും പേരിൽ വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടുന്ന സംഘം സജീവം. നേരത്തെ എം.പരിവാഹന്റെ പേരിൽ നൂറും അഞ്ഞൂറും രൂപ വീതം തട്ടിയെടുത്തിരുന്ന സ്ഥാനത്ത്,നിലവിൽ പതിനായിരക്കണക്കിന് രൂപയാണ് ആളുകൾക്ക് ഒറ്റയടിക്ക് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ നിരവധി പേരാണ് ഇത്തരം കെണികളിൽ അകപ്പെടുന്നത്. വാട്‌സ് ആപ്, എസ്.എം.എസ് എന്നിവ വഴിയാണ് പ്രധാനമായും തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നുമാണ് ഉള്ളടക്കം. സർക്കാർ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ ലിങ്കുകളും മെസ്സേജിനൊപ്പം ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങളും ഒ.ടി.പി നമ്പറുകളും തട്ടിപ്പുകാരുടെ കൈകളിലെത്തും.
ഇ - ചെലാനെന്ന പേരിൽ വാട്‌സ്ആപ്പിൽ ആൻഡ്രോയിഡ് പാക്കേജ് കിറ്റ് ഫയലുകൾ അയച്ചു നൽകുന്നതാണ് പുതിയ രീതി. പിഴയടക്കാൻ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടും. ഇത് ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, ഫോൺ കോളുകൾ, എസ്.എം.എസ് എന്നിവ ആക്‌സസ് ചെയ്യാനുള്ള അനുമതി വ്യാജ ആപ്പുകൾ കൈക്കലാക്കും. ഇതോടെ ഫോണിലേക്ക് വരുന്ന ബാങ്ക് ഒ.ടി.പികൾ ഉൾപ്പെടെ തട്ടിപ്പുകാർക്ക് ചോർത്തും. കൂടാതെ, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റുള്ളവരിലേക്ക് ഇതേ സന്ദേശം നിങ്ങളുടെ നമ്പരിൽ നിന്ന് തന്നെ അയക്കാനും ഈ ആപ്പുകൾക്ക് സാധിക്കും.
തൃശൂർ പട്ടിക്കാട് സ്വദേശിയായ യുവാവിന് കഴിഞ്ഞ ദിവസം ആർ.ടി.ഒ ഫൈൻ ഉണ്ടെന്ന് കാട്ടി സന്ദേശം ലഭിച്ചിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമായി. ഗൂഗിൾ പേ വഴി ലിങ്ക് ചെയ്തിരുന്ന അക്കൗണ്ടിൽ നിന്ന് ഒറ്റയടിക്ക് 28,000 രൂപയാണ് തട്ടിയെടുത്തത്. ജില്ലയിൽ സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, വ്യാജ പ്രചാരണങ്ങളുടെ കൂടെ 'ഇ-ചലാൻ ആരും ഓൺലൈനായി അടക്കരുത്' എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നുമുണ്ട്.
വാഹനത്തിന് യഥാർത്ഥത്തിൽ പിഴയുണ്ടോയെന്ന് പരിശോധിക്കാൻ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളും മൊബൈൽ ആപ്പും മാത്രം ഉപയോഗിക്കുക.
വാട്‌സ് ആപ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കരുത്. മോട്ടോർ വാഹന വകുപ്പ് നേരിട്ട് ലിങ്കുകൾ വഴി പിഴ ഈടാക്കാറില്ല.
എം പരിവാഹൻ ആപ്ലിക്കേഷൻ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാൻ എ.പി.കെ ഫയലുകൾ ഇല്ല. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിലൂടെ മാത്രമേ ഔദ്യോഗിക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ.
ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം തേടാവുന്നതാണ്.
ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സൈബർ സെല്ലിന്റെ ഉൾപ്പെടെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്തുക എളുപ്പമല്ല. ജനങ്ങൾ ജാഗ്രത പാലിക്കണം.
പി.വി. ബിജു (എം.വി.ഐ, ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, തൃശൂർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |