
കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ രണ്ട് സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ) എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കാത്ത കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും ആഭ്യന്തര മന്ത്രാലയത്തിലെ എഫ്.സി.ആർ.എ ഡിവിഷന് നിർദ്ദേശം നൽകി.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമായിരുന്നു കേന്ദ്ര നടപടി. ഇതിനെതിരെ കേരള സോഷ്യൽ സർവീസ് ഫോറം, സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
വിദേശ സംഭാവന സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും ഹർജിക്കാർ നിയമലംഘനം നടത്തിയതായി രേഖകളിൽ വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. രജിസ്ട്രേഷൻ നിരസിച്ചത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. പുതിയ ഉത്തരവ് വരുന്നത് വരെ ഹർജിക്കാരന്റെ എഫ്.സി.ആർ.എ സർട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കും. ഇത് നിലവിൽ ലഭിച്ച ഫണ്ടുകൾ വിനിയോഗിക്കാൻ മാത്രമുള്ളതാണ്. ഇക്കാലയളവിൽ വിദേശ സംഭാവന സ്വീകരിക്കാൻ അനുമതിയില്ല.
സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുള്ള രാജ്യമാണ് ഇന്ത്യ. അത്തരം പ്രതിഷേധക്കാർക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെങ്കിൽ പൊതുതാത്പര്യത്തിന് വിരുദ്ധമായി കാണാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |