SignIn
Kerala Kaumudi Online
Saturday, 22 August 2026 1.53 AM IST

ഡി.ജി.പിയെ ഗവർണർ വിളിച്ചുവരുത്തിയ സംഭവം: വിവാദം കടുക്കുന്നു ; ഭരണഘടനാപരമായി അധികാരമുണ്ടെന്ന് ഗവർണർ

gov
ഗവർണർ

തിരുവനന്തപുരം: സർക്കാരിന്റെ അറിവില്ലാതെ പൊലീസ് മേധാവി റവാഡചന്ദ്രശേഖറിനെ ലോക്ഭവനിലേക്ക് വിളിപ്പിച്ചതിനെച്ചൊല്ലി വിവാദം കടുക്കുന്നു. ഒരു ഉദ്യോഗസ്ഥനെയും ഗവർണർ നേരിട്ട് വിളിച്ചുവരുത്തരുതെന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശൻ പരസ്യമായി കഴിഞ്ഞദിവസം അതൃപ്തിയറിയിച്ചതിനു പിന്നാലെ ഭരണഘടനാപരമായി തനിക്ക് അതിനുള്ള അധികാരമുണ്ടെന്ന് ഗവർണർ ആർ.വി. ആർലേക്കറും വ്യക്തമാക്കി. ഗവർണറെന്ന ഭരണഘടനാ പദവിയെ ബഹുമാനിക്കണമെന്നും സർക്കാരിന് സൗഹാർദ്ദപരമായ ബന്ധമാണുണ്ടായിരിക്കേണ്ടതെന്നും

ഗവർണർ കടുപ്പിച്ചു പറഞ്ഞു. ഗവർണറെ കാണുന്നതിന് സർക്കാരിന്റെ അനുമതി വേണ്ടെന്നായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.

സർക്കാരിൻ്റെയോ മുഖ്യമന്ത്രിയുടെയോ അറിവോ അനുമതിയോ ഇല്ലാതെ ഡി.ജി.പി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്തരുതെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്. സംസ്കൃത സർവകലാശാലാ വൈസ് ചാൻസിലർ പ്രൊഫ.സിസാതോമസിനെ സിൻഡിക്കേറ്റ് യോഗത്തിനിടെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി.ജി.പിയെ ഗവർണർ വിളിപ്പിച്ചത്. ആഗസ്റ്റ്-15നായിരുന്നു ഇത്. പിന്നാലെ പൊലീസ് കേസെടുത്തു, എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിവാദമായതോടെയാണ് അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്. ഗവർണർക്ക് വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് മുഖ്യമന്ത്രി വഴിയോ സർക്കാരിലൂടെയോ മാത്രമായിരിക്കണം തേടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

പദവി ഭരണഘടനാപരം: ഗവർണർ

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗവർണറുടേത് ഭരണഘടനാപരമായ പദവിയാണെന്നും എല്ലാ പ്രവർത്തനങ്ങളിലും ആ പദവി ആദരിക്കപ്പെടണമെന്നും ഇന്നലെ ചാനൽഅഭിമുഖത്തിൽ ഗവർണർ പറഞ്ഞു. തന്റെ പരിമിതമായ ഭരണഘടനാപരമായ അറിവുവെച്ച് ഗവർണർക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറെ കാണുന്നത്

സാധാരണം: ഡി.ജി.പി

"ഗവർണറെ കണ്ട് ക്രമസമാധാന, ഇന്റലിജൻസ് വിവരങ്ങളറിയിക്കുന്നത് സാധാരണമാണ്. ആഗസ്റ്റ്-15ന് വൈകിട്ട് ലോക്ഭവനിൽ അറ്റ്ഹോം പരിപാടിയുണ്ടായിരുന്നു. അതിന്റെ ക്രമീകരണങ്ങൾ വിവരിക്കാനാണ് ഉച്ചയ്ക്ക് ഗവർണറെ കണ്ടത്. അപ്പോഴാണ് വി.സി സിസാതോമസിന്റെ പരാതിയെക്കുറിച്ച് പറഞ്ഞത്. കേന്ദ്രത്തിലായിരിക്കെ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയുമൊക്കെ കാണുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ല."

-ഡി.ജി.പി റവാഡചന്ദ്രശേഖർ

('കേരളകൗമുദി'യോട് പറഞ്ഞത്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA