
കൊച്ചി: തിരുവിതാംകൂർ ദേവസ്വംബോർഡിലെ ഉന്നത ഉദ്യോഗസ്ഥരായ ഒ.ജി. ബിജു, എസ്. ശ്രീനിവാസ് എന്നിവർ ദീർഘനാളായി വിവിധ തസ്തികകളിൽ ശബരിമലയിൽ തുടരുന്നതിൽ ഹൈക്കോടതി വിശദീകരണംതേടി. ഇവർക്ക് ഇതിനുള്ള പ്രത്യേക നൈപുണ്യം എന്താണെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശിച്ചു. കോടതിയുടെ അനുമതിയില്ലാതെ കാലാവധി നീട്ടിനൽകിയിട്ടുണ്ടോയെന്നും ബോർഡ് വ്യക്തമാക്കണം.
നിലവിൽ ശബരിമല എക്സിക്യുട്ടീവ് ഓഫീസറാണ് ഒ.ജി. ബിജു. 2023ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിതനായി. വിജിലൻസ് ഓഫീസർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ (ഇൻസ്പെക്‌ഷൻ), ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ (ഡിജിറ്റലൈസേഷൻ) എന്നീ നിലകളിലും തുടർന്നു.
2022ൽ മെയിൻസ്റ്റോർ സൂപ്രണ്ടായി എത്തിയ ശ്രീനിവാസ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസി. എക്സിക്യുട്ടീവ് ഓഫീസർ തസ്തികയിലും തുടർന്നു. ഇവരെ തുടർച്ചയായി നിലനിറുത്തുന്നതിന് കാരണമെന്തെന്ന് ബോർഡ് വ്യക്തമാക്കണം.
അഷ്ടാഭിഷേകത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയാണ് ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്. ശബരിമലയിലെ വഴിപാടുകളുടെ 10 വർഷത്തെ കണക്കുകൾ വിശദമായി പരിശോധിക്കാൻ ഹർജിയിൽ നേരത്തേ സംസ്ഥാന ഓഡിറ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സ്വതന്ത്ര ഓഡിറ്ററെയോ പുറത്തുനിന്നുള്ള ഏജൻസിയേയോ ചുമതലപ്പെടുത്തണമെന്നും ഉത്തരവിട്ടിരുന്നു. സുനിൽസ്വാമി എന്ന സുനിൽകുമാറിന്റെ സ്പോൺസർഷിപ്പ് സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടു. ക്യാഷ് ബുക്കുകളും വൗച്ചറുകളും മറ്റും ഹാജരാക്കിയ ദേവസ്വംബോർഡ്, ഏറെക്കാലമായി തുടരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും കോടതി നിർദ്ദേശപ്രകാരം സമർപ്പിക്കുകയായിരുന്നു. സ്വതന്ത്ര ഓഡിറ്ററെ ചുമതലപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരും ബോർഡും സമയംതേടിയതിനെ തുടർന്ന് 22ന് പരിഗണിക്കാൻ മാറ്റി. ഓഡിറ്റിംഗ് നിർവഹിക്കുന്ന രീതി അന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |