
□എ.ടി. ജോർജിനെയും വെറുതേ വിട്ടത് യു.ഡി.എഫിന് ആശ്വാസം
□എൽ.ഡി.എഫ് നേതാക്കളായ പ്രതികൾ വിചാരണ നേരിടണം
കൊച്ചി: 2015ലെ ബഡ്ജറ്റ് അവതരണ ദിവസം നിയമസഭയിൽ നടന്ന കൈയാങ്കളിക്കിടെ എൽ.ഡി.എഫിലെ വനിത എം.എൽ.എമാരെ യു.ഡി.എഫ് അംഗങ്ങൾ ഉപദ്രവിക്കുകയും, അപമാനിക്കുകയും ചെയ്തെന്ന കേസ് സമ്പൂർണമായി ഇല്ലാതായി. അന്ന് യു.ഡി.എഫ് അംഗമായിരുന്ന എ.ടി. ജോർജിനെതിരെ എൽ.ഡി.എഫ് അംഗമായിരുന്ന
കെ.കെ. ലതിക നൽകിയ കേസ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയതോടെയാണിത്. ജോർജിന്റെ ഹർജിയിലാണ് ഉത്തരവ്.
ഇതോടെ, ഇ.പി. ജയരാജനും കെ.ടി. ജലീലുമടക്കം എൽ.ഡി.എഫ് നേതാക്കൾ പ്രതികളായ നിയമസഭാ കൈയാങ്കളി കേസിൽ ഒറ്റയ്‌ക്കുള്ള വിചാരണയ്‌ക്ക് കളമൊരുങ്ങി. വനിതാ എം.എൽ.എമാരെ അപമാനിച്ച കേസിലും ഇതോടൊപ്പം വിചാരണ നടത്തണമെന്നാവശ്യപ്പെട്ട്
ഈ പ്രതികൾ സമർപ്പിച്ച ഹർജി അപ്രസക്തമെന്ന് വിലയിരുത്തി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസാണ് രണ്ടു ഹർജികളിലും വിധി പറഞ്ഞത്. വനിത എം.എൽ.എമാരെ അപമാനിച്ചെന്ന പരാതിയിൽ നാല് യു.ഡി.എഫ് അംഗങ്ങളായിരുന്നു പ്രതികൾ. ഇതിൽ ജമീലാ പ്രകാശം നൽകിയ കേസിൽ വി. ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും, ലതിക നൽകിയ കേസിൽ ഒന്നാം പ്രതിയായിരുന്ന എം.എ. വാഹിദിനെയും നേരത്തേ വിമുക്തരാക്കിയിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു എ.ടി. ജോർജിന്റെ ഹർജി.
യു.ഡി.എഫ് അംഗങ്ങൾക്കെതിരായ കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യം തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി തള്ളിയതിനാലാണ് കൈയാങ്കളി കേസിലെ പ്രതികളായ കുഞ്ഞമ്മദ് മാസ്റ്റർ, ഇ.പി. ജയരാജൻ, സി.കെ. സദാശിവൻ, കെ.ടി. ജലീൽ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. ദുരുദ്ദേശ്യത്തോടെ തടഞ്ഞുവയ്‌ക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം സ്പർശിക്കുക, സംഘം ചേർന്ന് ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് എ.ടി. ജോർജിനെതിരെ ചുമത്തിയിരുന്നത്. ആരോപണത്തിന് മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതിയായിരുന്ന വാഹിദിനെ വെറുതേ
വിട്ടത് പരാതിക്കാരി ചോദ്യം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.
ഉത്തരവനുസരിച്ച്, എൽ.ഡി.എഫ് നേതാക്കൾ പ്രതികളായ കൈയാങ്കളിയിൽ ഒറ്റക്കേസായി വിചാരണ നടക്കും. കേസ് തിരുവനന്തപുരം സി.ജെ.എം കോടതി സെപ്തംബർ 16ന് പരിഗണിക്കാൻ മാറ്റിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |