SignIn
Kerala Kaumudi Online
Thursday, 30 July 2026 3.29 PM IST

ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ ചില തെളിവുകൾ അസ്വസ്ഥതപ്പെടുത്തുന്നവയെന്ന് ഹൈക്കോടതി, ഇവയ്ക്ക് ഗുരുതരസ്വഭാവമെന്നും കോടതി

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ ചില തെളിവുകൾ അസ്വസ്ഥതപ്പെടുത്തുന്നവയാണെന്ന് ഹൈക്കോടതി. പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്നും ശക്തമായ സൂചനകൾ നൽകുന്നവയാണ് പ്രോസിക്യൂഷൻ സമ‌ർപ്പിച്ച തെളിവുകളെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഇന്ന് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സമർപ്പിച്ച തെളിവുകളെ കുറിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചപ്പോൾ അതിൽ ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ല, അന്വേഷണം സുഗമമായി മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി പിന്നീട്. ദിലീപിനെ മൂന്ന് ദിവസം രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ ചോദ്യം ചെയ്യാം. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ ചൊവ്വാഴ്ച അറിയിക്കണം. ഡി ജി പി ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. തെളിവുകളിൽ പലതും അസ്വസ്ഥമാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ക്രിമിനൽ ഗൂഢാലോചന്ക്ക് അന്വേഷണ സംഘത്തിന് സൂചനകൾ കിട്ടി. ഗൂഢാലോചന തന്നെ കുറ്റമായി കണക്കാക്കണം. സാക്ഷികളെ സ്വാധീനിച്ചില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.

ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തന്നെ പ്രസക്തി ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അല്ലാതെ ചോദ്യം ചെയ്താൽ പ്രതികൾ ഒത്തുകൂടി, അടുത്ത ദിവസം എന്ത് പറയണമെന്ന് പ്ലാൻ ചെയ്യുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അന്വേഷണവുമായി സഹകരിക്കാമെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. ഒരു തെളിവുമില്ലാതെയാണ് തനിക്കെതിരെ ഗൂഢാലോചന കേസ് ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണിതെന്നുമായിരുന്നു നടന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP, ACTRESS, MOLESTED, HIGHCOURT, ATTACK, KERALA, KOCHI, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA